pj-joseph

തൊടുപുഴ: കേരള കോൺഗ്രസ് (എം) ചെയർമാനെ തിരഞ്ഞെടുക്കാനുള്ള വരണാധികാരിയായി ഹൈക്കോടതി അഭിഭാഷകൻ സോജൻ ജയിംസിനെ വയ്ക്കാൻ ജോസഫ് വിഭാഗം സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചു. വരണാധികാരിയുമായി ആലോചിച്ച് തിരഞ്ഞെടുപ്പ് യോഗത്തിന്റെ തീയതി തീരുമാനിക്കുമെന്ന് പി.ജെ. ജോസഫ് അറിയിച്ചു.

ജോസ് കെ. മാണി തോൽക്കാനായി ജയിച്ചവനാണെന്ന് ജോസഫ് യോഗത്തിൽ പരിഹസിച്ചു. പാർട്ടിയിലെ വെറും സെക്രട്ടറി മാത്രമായ സ്റ്റീഫൻ ജോർജാണ് കോട്ടയത്ത് ജോസ് വിഭാഗത്തിന്റെ ഇന്നലത്തെ യോഗം വിളിച്ചത്. അനധികൃതമായ യോഗമായതിനാൽ ഭൂരിഭാഗവും ബഹിഷ്‌കരിച്ചു. മുമ്പും ജോസ് വ്യാജരേഖ ചമച്ച് സംസ്ഥാന കമ്മിറ്റി ചേർന്നിട്ടുണ്ട്. കോടതിക്കും ഇത് ബോധ്യപ്പെട്ടിട്ടുണ്ട്. യോഗത്തിൽ പങ്കെടുത്തവരുടെ ചിത്രം പുറത്തു വിടാനും ജോസഫ് വെല്ലുവിളിച്ചു.

പാർട്ടി പിളർന്നിട്ടില്ല. തെറ്റ് തിരുത്തുന്നവർക്ക് മടങ്ങി വരാം. പുറത്തു പോയി അച്ചടക്ക ലംഘനം തുടരുന്നവർക്കെതിരെ നടപടിയുണ്ടാവും. സന്ധിസംഭാഷണങ്ങളൊന്നും ഇനിയില്ല. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലടക്കം സ്ഥാനാർത്ഥിയെ നിറുത്താൻ ജോസിനും അവകാശമുണ്ട്. പാർട്ടി വിരുദ്ധ നിലപാട് സ്വീകരിക്കുന്ന തോമസ് ചാഴികാടൻ എം.പി, എം.എൽ.എമാരായ റോഷി അഗസ്റ്റിൻ, എൻ. ജയരാജ് എന്നിവർക്കെതിരെ നടപടിയെക്കുറിച്ച് സംസ്ഥാന കമ്മിറ്റി ആലോചിക്കും. ചങ്ങനാശേരി നഗരസഭയിൽ ജോസ് വിഭാഗത്തിലെ ചെയർമാനെ പുറത്താക്കാൻ കോൺഗ്രസ് പിന്തുണയോടെ അവിശ്വാസം കൊണ്ടുവരും.

സംസ്ഥാന കമ്മിറ്റിയംഗങ്ങളിൽ ഭൂരിഭാഗവും യോഗത്തിൽ പങ്കെടുത്തതായി പി.ജെ. ജോസഫ് അവകാശപ്പെട്ടു. ജനറൽ സെക്രട്ടറി ജോയി അബ്രാഹാമിന്റെ അദ്ധ്യക്ഷതയിൽ തൊടുപുഴ മാടപ്പറമ്പിൽ റിസോർട്ടിലായിരുന്നു യോഗം. സി.എഫ്. തോമസ് അനാരോഗ്യം മൂലം പങ്കെടുത്തില്ല.