തൊടുപുഴ: കാനഡയിൽ ജോലി വാഗ്ദാനം ചെയ്ത് 66 പേരിൽ നിന്ന് പണം തട്ടിയ കേസിലെ പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ തൊടുപുഴ സെഷൻസ് കോടതി തള്ളി. കട്ടപ്പന വള്ളക്കടവ് കടമാക്കുഴിയിൽ കണ്ടത്തിൽ അന്നമ്മ ജോർജിന്റെ (സിനി- 36) ജാമ്യാപേക്ഷയാണ് തൊടുപുഴ സെഷൻസ് കോടതി ജഡ്ജി മുഹമ്മദ് വസിം തള്ളിയത്. കാൽവരിമൗണ്ട് എട്ടാംമൈൽ പ്ലാത്തോട്ടത്തിൽ അജിൻ കട്ടപ്പന പൊലീസിൽ നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. കാനഡയിലെ സൂപ്പർ മാർക്കറ്റിൽ സൂപ്പർവൈസറായി ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞ് 7,10,000 രൂപയാണ് അജിന്റെ കൈയിൽ നിന്ന് തട്ടിയെടുത്തത്. ജോലി നൽകാമെന്നു വിശ്വസിപ്പിച്ച് അന്നമ്മയുടെ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിക്കാൻ ആവശ്യപ്പെടുകയായിരുന്നു. മറ്റുള്ളവരും ഇതേ ചതിയിൽകുടുങ്ങി. മാദ്ധ്യമപ്രവർത്തകനായിരുന്ന അജിൻ കാനഡയിൽ പോകുന്നതിന് ജോലി രാജിവെച്ചിരുന്നു. സുഹൃത്തിന്റെ അമ്മാവൻ മുഖേനയാണ് അന്നമ്മയെ പരിചയപ്പെട്ടത്. അംഗീകൃത റിക്രൂട്ട്‌മെന്റ് ഏജന്റാണെന്നാണ് അന്നമ്മ ധരിപ്പിച്ചത്. ഭർത്താവ് കാനഡയിൽ ജോലി ചെയ്യുന്നുണ്ടെന്നും സൂപ്പർവൈസർ ജോലിക്ക് ആളെ വേണമെന്നും പറഞ്ഞു. വിസയ്ക്ക് മൂന്നുലക്ഷം രൂപയാകുമെന്നും അറിയിച്ചു. ആദ്യഗഡു ഒന്നരലക്ഷം രൂപ അന്നമ്മയുടെ അക്കൗണ്ടിലേക്ക് വാങ്ങി. ഇതിനു ശേഷം വൈദ്യപരിശോധനയ്ക്കെന്ന പേരിൽ അജിനെ മുംബൈയിൽ കൊണ്ടുപോയി. ഇതിന്റെ ചെലവും അജിൻ തന്നെ വഹിച്ചു. ഇതിനു ശേഷം അന്നമ്മയുടെ നിർദേശപ്രകാരം രണ്ടുലക്ഷം രൂപ കൂടി അക്കൗണ്ടിലേക്ക് നിക്ഷേപിച്ചു. വിമാനടിക്കറ്റിെനെന്നു പറഞ്ഞ് ഒരുലക്ഷം രൂപ പണമായും വാങ്ങി. ഇക്കഴിഞ്ഞ സെപ്തംബർ 24നാണ് അന്നമ്മ പറഞ്ഞതനുസരിച്ച് ഖത്തർ വഴി കാനഡയ്ക്ക് പോകുന്നതിന് നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയത്. ഇതേസമയം കാനഡയിലേക്ക് പോകുന്നതിനായി അന്നമ്മയോടൊപ്പം 16 പേർ കൂടിയെത്തി. എമിഗ്രേഷനിൽ സംശയം തോന്നി അന്നമ്മയെ തടഞ്ഞ് തിരിച്ചടയച്ചു. അജിൻ ഉൾപ്പെടെയുള്ളവരെ പോകാനും അനുവദിച്ചു. ഖത്തറിൽ എത്തിയ ഇവരെ അന്നമ്മയുടെ ഏജന്റ് രോഹിത് ദോഹയിലെ വില്ലയിൽ താമസിപ്പിച്ചു. വിസ ശരിയായെന്നു പറഞ്ഞ് മൊബൈലിൽ വിസയുടെ പകർപ്പ് കാണിച്ച് 2.50 ലക്ഷം രൂപ കൂടി അന്നമ്മയുടെ അക്കൗണ്ടിലേക്ക് നൽകി. രണ്ടാഴ്ച കഴിഞ്ഞ ഖത്തറിൽ എത്തിയ അന്നമ്മ, രോഹിത് ചതിച്ചെന്നും കാനഡയിൽ പോകാൻ പറ്റില്ലെന്നും അറിയിച്ചു. ഇതോടെ അജിൻ ഉൾപ്പെടെയുള്ളവർ ഖത്തറിലെ ഇന്ത്യൻ എംബസിയിൽ പരാതിപ്പെട്ടു. എംബസിക്കാർ ഇടപെട്ടാണ് ഇവരെ നാട്ടിലേക്ക് മടക്കി അയച്ചത്. വാങ്ങിയ പണം തിരികെ നൽകാതെ അന്നമ്മ ഒഴിഞ്ഞു മാറിതോടെയാണ് പൊലീസിൽ പരാതി നൽകിയത്. കൂടുതൽ അന്വേക്ഷണത്തിൽ 66 പേരിൽ നിന്നും കാനഡയിൽ ജോലി വാഗ്ദാനം ചെയ്ത്പണം തട്ടിയെന്ന് മനസിലായി. വ്യാജവിസയാണ് ഖത്തറിൽ വെച്ച് കാണിച്ചതെന്നും ബോധ്യപ്പെട്ടു. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ബി. സുനിൽദത്ത് ഹാജരായി.