മറയൂർ: ഇരവികുളം ദേശീയ ഉദ്യാനത്തിൽ എത്തുന്ന സഞ്ചാരികളുടെ വാഹനങ്ങൾ പാതയോരത്ത് അനധികൃതമായി പാർക്ക് ചെയ്യുന്നതിനാൽ മൂന്നാർ- മറയൂർ പാതയിൽ ഗതാഗത കുരുക്ക് പതിവാകുന്നു. പ്രളയകാലത്തിന് ശേഷം സഞ്ചാരികൾ ഇരവികുളം നാഷണൽ പാർക്ക് സന്ദർശിക്കുന്നതിനായി എത്തി തുടങ്ങിയതോടെയാണ് മറയൂർ- മൂന്നാർ പാത കടന്നു പോകുന്ന അഞ്ചാം മൈലിൽ അനധികൃത പാർക്കിംഗേറിയത്. പാർക്കിംഗ് ഏരിയയിൽ കയറാതെ റോഡരികിൽ പാർക്ക് ചെയ്യുന്നതിൽ അധികവും വലിയ ടൂറിസ്റ്റ് ബസുകളാണ്. ഇവിടെ ഗതാഗതം നിയന്ത്രിക്കുന്നതിന് പൊലീസിനെയോ വനം വകുപ്പ് ഉദ്യോഗസ്ഥരെയോ നിയമിച്ചിട്ടില്ല. മറയൂരിൽ നിന്ന് രോഗികളുമായി പോകുന്ന ആംബുലൻസ് ഉൾപ്പെടെയുള്ള വാഹങ്ങളും സ്‌കൂൾ ബസുകളും വിനോദ സഞ്ചാരികളും ഗതാഗതകുരുക്കിൽ അകപ്പെടുന്നു. റോഡരികിൽ വലിയ ബസുകൾ പാർക്ക് ചെയ്യുമ്പോൾ വീതികുറഞ്ഞ ഭാഗത്ത് കൂടി കടന്ന് പോകുന്ന വാഹനങ്ങൾ തമ്മിൽ ഉരയുകയും യാത്രക്കാർ തമ്മിൽ വാക്ക് തർക്കം ഉണ്ടാവുകയും ചെയ്യുന്നത് പതിവാണ്. ഈ ഭാഗത്തെ അനധികൃത പാർക്കിംഗും ഗതാഗതകുരുക്കും ഇല്ലാതാക്കണമെന്ന് അവശ്യപ്പെട്ട് മറയൂർ നിവാസികൾ നിരവധി നിവേദനങ്ങളും പരാതികളും നൽകിയെങ്കിലും പരിഹാരം നീണ്ടുപോകുകയാണ്. കഴിഞ്ഞ ദിവസവും പാർക്കിംഗ് ഏരിയയിൽ സ്ഥല സംവിധാനം ഉണ്ടായിട്ടും റോഡരികിലാണ് വലിയ ബസുകൾ പാർക്ക് ചെയ്തത്. അന്തരിച്ച മുൻ എം.എൽ.എ എസ്. സുന്ദരമാണിക്യത്തിന്റെ സംസ്‌കാര ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയ വാഹങ്ങൾ ഉൾപ്പെടെ ഗതാഗതകുരുക്കിൽ അകപ്പെട്ടു. വിനോദ സഞ്ചാരികൾ അധികമായി എത്താൻ സാധ്യതയുള്ള ക്രിസ്തുമസ് അവധി ദിനങ്ങൾക്ക് മുമ്പ് കൃത്യമായ പാർക്കിംഗ് സംവിധാനം ഒരുക്കി മറയൂർ- മൂന്നാർ പാതയിലെ ഗതാഗത കുരുക്ക് ഒഴിവാക്കണമെന്ന് മറയൂർ നിവാസികൾ ആവശ്യപ്പെടുന്നു.