തൊടുപുഴ: ഉത്തർപ്രദേശിലെ മഥുരയിൽ വാഹനാപകടത്തിൽ മരിച്ച ഇന്ത്യൻ എയർഫോഴ്‌സിലെ ലീഡിംഗ് എയർക്രാഫ്റ്റ്മാനും കുമാരമംഗലം ഉരിയരിക്കുന്ന് നടുവലേടത്ത് മനോജിന്റെയും അജിതയുടെയും മകനുമായ കുമാരമംഗലം നടുവലേടത്ത് കൃഷ്ണദാസിന്റെ (23) മൃതദേഹം ഇന്ന് ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കും. ഇന്ന് രാവിലെ എട്ടിന് ഭൗതിക ശരീരം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിക്കും. തുടർന്ന് കര-നാവിക- വ്യോമ സേനകളുടെ അകമ്പടിയോടെ മൃതദേഹം വീട്ടിലെത്തിക്കും. ഉച്ചയ്ക്ക് 12ന് കുമാരമംഗലം മില്ലുംപടിയിലെ തറവാട്ടു വളപ്പിൽ സംസ്‌കാര ചടങ്ങുകൾ നടക്കും.
ഗ്വാളിയാറിലെ ക്യാമ്പിലായിരുന്നു കൃഷ്ണദാസ് ജോലി ചെയ്തിരുന്നത്. ഇവിടെ നിന്ന് ബംഗളൂരുവലേക്ക് സ്ഥലംമാറ്റം കിട്ടിയിരുന്നു. വ്യാഴാഴ്ച വൈകിട്ട് ബൈക്ക് ബംഗളൂരുവലേക്ക് ട്രെയിനിൽ അയയ്ക്കുന്നതിനായി ഡൽഹിയലേക്ക് പോകും വഴിയായിരുന്നു അപകടം. മൂടൽമഞ്ഞു കാരണം വഴികാണാൻ കഴിയാതെ ബൈക്ക് ഡിവൈഡറിലിടിച്ച് മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കൃഷ്ണദാസിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ദേശീയ സൈക്ലിംഗ് താരമായ കൃഷ്ണദാസ് കേരളത്തിനായി നിരവധി മെഡലുകൾ നേടിയിട്ടുണ്ട്.