തൊടുപുഴ:ഇന്ത്യയെ സവർണ്ണാധിപത്യത്തിലേക്ക് നയിക്കാനുള്ള മോഡിഅമിത്ഷാ കൂട്ടുകെട്ടിന്റെ നീക്കത്തിനെതിരെ അണിനിരക്കാൻ എല്ലാ ജനാധിപത്യ മതേതര മനസുകളോടും സിപിഐ ജില്ലാ കൗൺസിൽ യോഗം പ്രമേയത്തിലൂടെ അഭ്യർത്ഥിച്ചു. 1928ൽ ആർ എസ് എസ് രൂപംകൊണ്ട കാലം മുതൽ ആവശ്യപ്പെടുന്നത് ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കുകയെന്നതാണ്. സ്വാതന്ത്ര്യ പ്രാപ്തിയോടൊപ്പം നടന്ന ഇന്ത്യാപാക്ക് വിഭജനം ഇതിന്റെ ആദ്യത്തെ പടിയായിരുന്നു. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുത്ത പാരമ്പര്യമാണ് സംഘപരിവാറിനുള്ളത്. മോഡിഅമിത്ഷാ കൂട്ടുകെട്ട് ഗുജറാത്ത് ഭരണം കയ്യാളിയപ്പോൾ ഉണ്ടായ ഗോദ്ര കലാപം മറക്കാറായിട്ടില്ല. തീവ്രഹിന്ദു മതവികാരം ആളിക്കത്തിച്ചും മുസ്ലീം സ്പർദ്ധ വളർത്തിയും രാജ്യത്ത് ഹിന്ദു അനുകൂല അന്തരീക്ഷമുണ്ടാക്കാനായിരുന്നു ഇവരുടെ ശ്രമം. രാജ്യത്തെ വിഭജിക്കുന്ന ഈ നിയമം ഉടനെ പിൻവിലക്കണം.ഈ കാടത്തത്തിനെതിരെ വിവിധ
രൂപങ്ങളിലുള്ള പ്രതിഷേധ സമരങ്ങൾ സംഘടിപ്പിക്കുവാൻ പാർട്ടി ഘടകങ്ങളോട് യോഗം അഭ്യർത്ഥിച്ചു. യോഗത്തിൽ സി കെ കൃഷ്ണൻകുട്ടി അദ്ധ്യക്ഷനായിരുന്നു. സംസ്ഥാന എക്സിക്യുട്ടീവംഗം സി എ കുര്യൻ,ജില്ലാ സെക്രട്ടറി കെ കെ ശിവരാമൻ,അസി.സെക്രട്ടറിമാരായ പി മുത്തുപാണ്ടി,സി യു ജോയി എന്നിവർ പങ്കെടുത്തു.