മറയൂർ: മറയൂർ സാൻഡൽ ഡിവിഷനിൽ കാന്തല്ലൂർ റേയ്ഞ്ചിന്റെ പരിധിയിലുള്ള സംരക്ഷിത വനമേഖലയിൽ നിന്നും ലക്ഷങ്ങൾ വിലമതിക്കുന്ന ചന്ദന മരങ്ങൾ മോഷ്ടാക്കൾ മുറിച്ചുകടത്തി. പയസ് നഗർ സ്റ്റേഷൻ പരിധിയിൽ പത്തടി ഉയരത്തിൽ ഇരുമ്പു വേലി കെട്ടി തിരിച്ച ചുരക്കുളം തേരി ഭാഗത്ത് നിന്നുമാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നാലു മരങ്ങൾ വെട്ടി കടത്തിയത്. 100 മീറ്റർ ദൂരത്ത് വാച്ചർ ഷെഡ്ഡുകളുള്ള ഈ മേഖലയിൽ 24 മണിക്കൂറും വാച്ചർമാരും ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരുടെയും സെക്ഷൻ ഫോറസ്റ്റ് ഓഫിസർമാരുടെയും സാന്നിധ്യമുള്ള ഇവിടെ നിന്നുമാണ് ചന്ദന മരങ്ങൾ വെട്ടി കടത്തിയിട്ടുള്ളത്. 80 മുതൽ 64 സെന്റിമീറ്റർ വരെ ചുറ്റളവുള്ള മരങ്ങളാണ് നഷ്ടപ്പെട്ടിട്ടുള്ളത്. സമീപത്ത് പരിശോധന നടത്തിയതിൽ മോഷ്ടാക്കൾ ഉപേക്ഷിച്ചു പോയ 16 കിലോ ചന്ദനം കണ്ടെടുത്തു. ശനിയാഴ്ചയാണ് മരങ്ങൾ നഷ്ടപ്പെട്ട വിവരം വനം വകുപ്പ് അധികൃതർ അറിയുന്നത്. മറയൂർ ഡോഗ് സ്‌ക്വാഡിന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയെങ്കിലും സൂചനകൾ ഒന്നും ലഭിച്ചില്ല. കാന്തല്ലൂർ റേഞ്ച് ഓഫീസർ സന്ദീപ്, ഡപ്യൂട്ടി റേഞ്ച് ഓഫിസർ എ. നിജേഷ്, സെക്ഷൻ ഫോറസ്റ്റ് ഓഫിസർമാരായ മണി .പി .എൻ, സുരേന്ദ്രകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം നടത്തി വരുന്നു.മുൻ കാലങ്ങളിൽ ഈ മേഖലകളിൽ നിന്നും ചില വാച്ചർമാരുടെ സഹായത്തോടെ നിരവധി ചന്ദന മരങ്ങൾ മുറിച്ചുകടത്തിയിരുന്നു. അവരിൽ ചിലരെ പിടികൂടുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ ചന്ദന മരങ്ങൾ നഷ്ടപ്പെട്ടതിൽ ആർക്കെങ്കിലും പങ്കുണ്ടോയെന്നും അന്വേഷണം നടത്തി വരുന്നു.