bhai

കട്ടപ്പന: ''കേരളം നമ്മുടെയും നാടാണ്, ഇവിടെ ജോലി ചെയ്യാൻ എത്തിയ നമ്മൾ ഇവിടുത്തെ നിയമവും സാമൂഹിക സാഹചര്യങ്ങളും അനുസരിക്കാൻ ബാദ്ധ്യസ്ഥരാണ്, മദ്യപിച്ച് വഴിയിൽ കിടക്കുകയോ ബഹളമുണ്ടാക്കുകയോ ചെയ്യരുത്''. ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ അക്രമവും അടിപിടിയും പതിവായതോടെ സഹപ്രവർത്തകരെ ബോധവൽകരിക്കാൻ 'ഭായി'മാർ നേരിട്ടിറങ്ങി. കട്ടപ്പനയിലും പരിസര പ്രദേശങ്ങളിലും ജോലി ചെയ്യുന്നവരാണ് മറ്റു പ്രദേശങ്ങളിലെ തൊഴിലാളികൾക്ക് നിർദേശങ്ങളുമായി ഇന്നലെ കട്ടപ്പന നഗരസഭ മിനി സ്‌റ്റേഡിയത്തിൽ യോഗം സംഘടിപ്പിച്ചത്.

'ഹിന്ദി കരി വർക്കേഴ്സ് മീറ്റിംഗ്' എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിൽ ഞായറാഴ്ചയായതിനാൽ സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് ആളുകളാണ് പങ്കെടുത്തത്. മദ്യലഹരിയിലുള്ള അക്രമവും അടിപിടിയും പതിവായതോടെയാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിക്കാൻ മുൻകൈയെടുത്തതെന്ന് സംഘാടകരായ 'ഭായിമാർ പറഞ്ഞു. മദ്യപിക്കണമെന്ന് നിർബന്ധമുള്ളവർ മദ്യപാനശേഷം വേഗം അവരവരുടെ താമസസ്ഥലങ്ങളിലേക്കു മടങ്ങണം. വ്യാപാര സ്ഥാപനങ്ങളുടെ മുമ്പിൽ കിടക്കുകയോ വൃത്തിഹീനമാക്കുകയോ ചെയ്യരുത്.

മറ്റുള്ളവർക്ക് ബുദ്ധുമുട്ടുണ്ടാക്കരുതെന്നും സംഘാടകർ മറ്റുള്ളവർക്ക് നിർദേശം നൽകി. ഇതര സംസ്ഥാന തൊഴിലാളികളുടെ ആവശ്യങ്ങൾക്കായി സഹായകേന്ദ്രം തുറക്കുന്നതുസംബന്ധിച്ച് അധികാരികളെ അറിയിക്കാനും യോഗത്തിൽ തീരുമാനമായി. ഹിന്ദി, ബംഗാളി, ആസാമീസ് തുടങ്ങിയ ഭാഷകളിലാണ് ബോധവൽക്കരണം നടത്തിയത്. 'ഭായി'മാരുടെ ആദ്യയോഗം കാണാൻ ടൗണിലെത്തിയ മറ്റുള്ളവരും തടിച്ചുകൂടി. ഞായറാഴ്ചകളിൽ ഹൈറേഞ്ചിലെ വിവിധ സ്ഥലങ്ങളിൽ നിന്നു കട്ടപ്പനയിലെത്തുന്ന നൂറ്കണക്കിന്ന് ഇതര സംസ്ഥാന തൊഴിലാളികളാണ് യോഗത്തിൽ പങ്കെടുത്തത്.