നെടുങ്കണ്ടം: ശക്തമായ കാറ്റിലും മഴയിലും മഞ്ഞപ്പെട്ടിയിൽ വീട് തകർന്നു. മഞ്ഞപ്പെട്ടി മുളയപ്പറമ്പിൽ ദീപുവിന്റെ വീടാണ് തകർന്നത്. പള്ളിയിൽ പോയതിനാൽ ആരുംവീട്ടിലില്ലായിരുന്നത് വൻ ദുരന്തം ഒഴിവായി. ശനിയാഴ്ച രാവിലെ ഏഴരയോടെയാണ് അപകടം നടന്നത്. ശക്തമായ കാറ്റിനെ തുടർന്ന് വീടിന്റെ മൺകട്ടകെട്ടിയ ഭിത്തി തകർന്ന് വീഴുകയായിരുന്നു. ദീപുവും ഭാര്യയും ആറും മൂന്നും വയസുള്ള രണ്ട് കുട്ടികളുമാണ് ഇവിടെ താമസിക്കുന്നത്. ഭിത്തികൾ പൂർണമായും ഇടിഞ്ഞുപോയതിനെത്തുടർന്ന് മേൽക്കൂരയും അപകടാവസ്ഥയിലാണ്. ഏതുനിമിഷവും ഇത് നിലംപൊത്താവുന്ന നിലയിലാണ്. ലോഡിംഗ് തൊഴിലാളിയായ ദീപുവിന് ലൈഫ് പദ്ധതി പ്രകാരം വീട് അനുവദിച്ച് കിട്ടിയിരുന്നു. എന്നാൽ പുതിയ റേഷൻ കാർഡ് എ.പി.എൽ ആയതിനെ തുടർന്ന് പദ്ധതിയിൽ നിന്ന് പുറത്താകുകയായിരുന്നു. നിർദ്ധനരായ ഈ കുടുംബം വീട് തകർന്നതിനെ തുടർന്ന്ബന്ധുവീടുകളിലേയ്ക്ക് താമസം മാറ്റി.