മറയൂർ: തൊഴിലുറപ്പ് വേതന വിതരണം ചെയ്യാത്തതിൽ പ്രതിഷേധിച്ച് മറയൂർ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റ് ഓഫിസ് ഉപരോധിച്ചു. ഉപരോധസമരം എ.കെ.മണി എക്സ് എം. എൽ. എ ഉദ്ഘാടനം ചെയ്തു. 4500 തൊഴിലാളികൾക്ക് കഴിഞ്ഞ 8 മാസമായി 2.72 കോടി രൂപയാണ് കൂലിയിനത്തിൽ ലഭിക്കേണ്ടത്. കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ആൻസി ആന്റണി, കെ.പി.രാജൻ, എൻ.ആരോഗ്യദാസ് ,ജോമോൻ തോമസ്, റ്റി. ആരോഗ്യസ്വാമി, ദീപാ അരുൾജ്യോതി, പി.സി.ജോസ് എന്നിവർ സമരത്തിന് നേതൃത്വം നല്കി. രാജീവ് ഭവനിൽ നിന്നും ആരംഭിച്ച പ്രകടനത്തിലും ഉപരോധസമരത്തിലും നൂറുകണക്കിന് തൊഴിലുറപ്പ് തൊഴിലാളികൾ പങ്കെടുത്തു.
ജനകീയ പ്രശ്‌നങ്ങൾ സാമ്പത്തിക സാഹചര്യത്തിൽ ഇന്ന് കേരളം ഏറെ താഴെക്ക് പതിച്ചുവെന്ന് എ.കെ.മണി പറഞ്ഞു. പീഡനങ്ങൾ വർദ്ധിച്ചു, കേരളത്തിൽ പ്രളയ ദുരന്തത്തിന്റെ പേരിൽ പിരിച്ച പണം എവിടെയാണെന്ന് വ്യക്തതയില്ല. കേരളത്തിൽ മണ്ണുതിന്നുന്ന ജനത്തെ സൃഷ്ടിച്ചതാണ് പിണറായിയുടെ ഭരണ നേട്ടമെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക ദാരിദ്ര്യമുണ്ടെന്ന് പറയുന്ന സർക്കാർ ഫണ്ട് ഉപയോഗിച്ച് മന്ത്രിമാരും കുടുംബാംഗങ്ങളും വിദേശ പര്യടനം നടത്തുന്നു. ത്രിതല പഞ്ചായത്തുകളുടെ പദ്ധതികൾ ഫണ്ടില്ലാത്തതിനാൽ നടപ്പിലാക്കുന്നതിന് കഴിയുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.
തൊഴിലുറപ്പ് വേതന വിതരണം ചെയ്യാത്തതിൽ പ്രതിഷേധിച്ച് മറയൂർ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന ഹെഡ് പോസ്റ്റ് ഓഫിസ് മാർച്ച്