തൊടുപുഴ: അച്ഛനെയും മകനെയും കല്ലിനിടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതികൾക്ക് മൂന്നുവർഷം കഠിനതടവും 10,000 രൂപ വീതം പിഴയും. തൊടുപുഴ കോലാനി വാഴക്കലായിൽ സജീവ് (48), മകൻ വിഷ്ണു സജീവ് (25), സജീവന്റെ ഭാര്യാസഹോദരീ ഭർത്താവ് അനിൽ എന്നിവരെയാണ് തൊടുപുഴ അസിസ്റ്റന്റ് സെഷൻസ് കോടതയി ജഡ്ജി റോഷൻ തോമസ് ശിക്ഷിച്ചത്. 2017 മാർച്ച് 28നായിരുന്നു സംഭവം. തൊടുപുഴ കോലാനി മാനാന്തടം പാറ ഭാഗത്ത് ശിവനെയും മകൻ ബാബുവിനെയും വീടാക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിലാണ് ശിക്ഷ. ബലാത്സംഗ കേസിലെ പ്രതിയെ സജീവിന്റെ വീട്ടിൽ ഒളിപ്പിച്ചു താമസിച്ചുവെന്ന പത്രവാർത്ത പ്രദേശത്തെ ഡി.വൈ.എഫ്‌.ഐയുടെ വാർത്താബോർഡിൽ ആരോ വെട്ടി ഒട്ടിച്ചിരുന്നു. ഡി.വൈ.എഫ്‌.ഐ പ്രവർത്തകരാണ് ഇതിനു പിന്നിലെന്ന് സംശയിച്ചാണ് പ്രതികൾ സംഘമായെത്തി ബാബുവിന്റെ വീടാക്രമിച്ചത്. പ്രതികൾ പിഴ അടയ്ക്കുന്ന പക്ഷം തുക പരിക്കേറ്റവർക്ക് നൽകാനും കോടതി ഉത്തരവിട്ടു. പ്രോസിക്യൂഷനു വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.വി. മാത്യു ഹാജരായി.