ചെറുതോണി: ഇടുക്കിയിലെ വിവിധ റോഡുകൾക്ക് ഫണ്ട് അനുവദിച്ച് മാസങ്ങൾ പിന്നിട്ടിട്ടും നിർമ്മാണം വൈകുന്നതിൽ പ്രതിഷേധിച്ച് കേരള കോൺഗ്രസ് (എം) പി.ഡബ്ല്യു.ഡി ഓഫീസ് മാർച്ചും വഴിതടയലും ഉൾപ്പെടെയുള്ള സമരങ്ങൾ നടത്തും. പൊതുമരാമത്ത് റോഡുകൾക്ക് റോഷി അഗസ്റ്റിൻ എം.എൽ.എയുടെ പരിശ്രമ ഫലമായി തുക അനുവദിച്ച് ഭരണാനുമതി ലഭിച്ചെങ്കിലും ടെണ്ടർ നടപടികളിലും ലെവൽസ് ഉൾപ്പെടെ തയ്യാറാക്കി നിർമ്മാണം ആരംഭിക്കുന്നതിൽ ഉദ്യോഗസ്ഥർ വീഴ്ചവരുത്തുന്നതിൽ പ്രതിഷേധിച്ചാണ് സമരവുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചത്.

കരിമ്പൻ- മുരിക്കാശേരി റോഡ് (13 കോടി), കമ്പിളികണ്ടം- കല്ലാർകുട്ടി റോഡ് (ആറ് കോടി), കമ്പിളികണ്ടം- തിങ്കൾകാട് റോഡ് (10 കോടി), കമ്പിളികണ്ടം- നേര്യമംഗലം റോഡ് (28 കോടി) ഉപ്പുതോട്- പ്രകാശ് റോഡ് ഉൾപ്പെടെയുള്ള റോഡുകളുടെ നിർമ്മാണം വൈകുകയാണ്. ഇതിൽ കമ്പിളികണ്ടം-തിങ്കൾക്കാട് റോഡും കമ്പിളികണ്ടം- നേര്യമംഗലം റോഡും സി.ആർ.എഫ് ഫണ്ടിൽ ഉൾപ്പെടുത്തി ഒരുവർഷം മുമ്പ് ഉത്തരവിറങ്ങിയതാണ്.

ഇതോടൊപ്പം ഇടുക്കി നിയോജകമണ്ഡലത്തിലെ ഒട്ടുമിക്ക റോഡുകളും നവീകരിക്കുന്നതിന് തുക അനുവദിച്ചിട്ടുണ്ട്. എന്നാൽ ഇവയുടെയൊന്നും തുടർനടപടികൾ പൂർത്തിയായിട്ടില്ല. ഭരണാനുമതി ലഭിച്ചിട്ടും തുടർനടപടികൾ സ്വീകരിക്കുന്നതിൽ കാലതാമസം വരുന്നത് എം.എൽ.എയ്ക്കെതിരെ ജനശ്രദ്ധ തിരിച്ചുവിടുന്നതിന് ഇടതുപക്ഷ നേതാക്കളും ഉദ്യോഗസ്ഥരും തമ്മിൽ നടത്തുന്ന ഒത്തുകളിയുടെ ഭാഗമാണെന്ന് സംശയിക്കുന്നതായും നേതാക്കൾ പറഞ്ഞു. നിയോജകമണ്ഡലം പ്രസിഡന്റ് ഷാജി കാഞ്ഞമല അദ്ധ്യക്ഷത വഹിച്ചു.