തൊടുപുഴ: നഗരസഭാ കൗൺസിലിനിടെ ചെയർപേഴ്സണും വൈസ് ചെയർമാനും തമ്മിൽ വാക്കുതർക്കം. ഹൈമാസ്റ്റ് ലൈറ്റുകൾ തെളിയാത്ത കാര്യം പലവട്ടം ചെയർപേഴ്‌സന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും യാതൊരു നടപടിയുമെടുത്തില്ലെന്ന് യു.ഡി.എഫ് കൗൺസിലർകൂടിയായ വൈസ് ചെയർമാൻ ഷാഹുൽ ഹമീദ് ആരോപിച്ചു. വൈസ് ചെയർമാനെയും മറ്റ് കൗൺസിലർമാരെയും സഹകരിപ്പിച്ചാണ് എല്ലാ കാര്യങ്ങളും ചെയ്യേണ്ടത്. ഒറ്റയ്ക്കെല്ലാം ചെയ്യാമെന്ന് ചെയർപേഴ്‌സൺ കരുതുന്നത് ശരിയല്ലെന്നും ഷാഹുൽ ഹമീദ് പറഞ്ഞു. എന്നാൽ, നഗരസഭയിലെ മുഴുവൻ കാര്യങ്ങളും തനിക്ക് നോക്കി നടത്താനാവില്ലെന്ന് ചെയർപേഴ്സൺ ജെസി ആന്റണി മറുപടി നൽകി. 35 കൗൺസിലർമാർക്കും വൈസ്‌ചെയർമാനുമടക്കം ഉത്തരവാദിത്തമുണ്ട്. എൻജിനീയറിങ് വിഭാഗത്തിന്റെ പുറകെ നടന്നാണ് പല ഫയലുകളും നീക്കുന്നതെന്നും അവർ പറഞ്ഞു.

ചില്ലും കുപ്പിയുമെല്ലാം 22 മുതൽ നീക്കും

കുപ്പിച്ചില്ലും കാലിക്കുപ്പിയുമടക്കമുള്ള ഉപയോഗ ശൂന്യമായ സാധനങ്ങൾ 22 മുതൽ ശേഖരിച്ച് തുടങ്ങാൻ നഗരസഭാ കൗൺസിൽ തീരുമാനം. 'സമ്പൂർണ മാലിന്യ മുക്ത നഗര'മെന്ന ലക്ഷ്യം കൈവരിക്കുന്നതിനായി ഉപയോഗ ശൂന്യവസ്തുക്കൾ ശേഖരിക്കണമെന്ന് കഴിഞ്ഞ യോഗം തീരുമാനിച്ചിരുന്നു. പൊട്ടിയ ചില്ല്, കുപ്പിച്ചില്ല്, ചില്ലുകുപ്പി, ബൾബ്, സി.എഫ്.എൽ, ട്യൂബ് ലൈറ്റ് എന്നിവയാണ് ശേഖരിക്കുന്നത്. ഒരു ദിവസം രണ്ട് വാർഡുകളിൽ നഗരസഭയുടെ വാഹനമെത്തി ഇവ ശേഖരിക്കും. വാർഡ് കൗൺസിലറുടെ നേതൃത്വത്തിൽ നിശ്ചയിക്കുന്ന കളക്ഷൻ സെന്ററിലാണ് വാഹനങ്ങൾ എത്തുക. ഉപയോഗശൂന്യമായ വസ്തുക്കൾ കൗൺസിലറുടെ നിർദേശാനുസരണം ഇവിടെയത്തിക്കണം. ഉണക്കമീൻ മാർക്കറ്റിലെ ഒഴിഞ്ഞ മുറികളിൽ സൂക്ഷിക്കുന്ന ഇവ പിന്നീട് ഏജൻസിക്ക് കൈമാറും.