തൊടുപുഴ: വിനോദ യാത്രയ്ക്കായി കോളേജ് വിദ്യാർത്ഥികളെ കയറ്റാൻ പോയ രണ്ട് ടൂറിസ്റ്റ് ബസുകൾ തൊടുപുഴ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് കസ്റ്റഡിയിലെടുത്തു. ബസിൽ നിയമം ലംഘിച്ച് പരിഷ്‌കാരങ്ങൾ നടത്തിയതിനാണ് കൊല്ലം, എറണാകുളം രജിസ്‌ട്രേഷനിലുള്ള ബസുകൾ പിടിച്ചെടുത്തത്. ഇന്നലെ വൈകിട്ട് കോളേജിലേക്ക് പോയ ബസുകൾ പരാതിയെ തുടർന്ന് പിടികൂടുകയായിരുന്നു. ബസിനുള്ളിൽ വിവിധ വർണവെളിച്ച സംവിധാനം, ആറോളം പൈപ്പുകളുള്ള കാതടപ്പിക്കുന്ന എയർ ഹോണുകൾ, ബസിനുള്ളിൽ പുകയടിക്കാനുള്ള സ്‌മോക്കർ എന്നിവ ഘടിപ്പിച്ചിരുന്നു. ഇവ വെഹിക്കിൾ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ അഴിച്ചു മാറ്റി. തുടർന്ന് കേസെടുത്തതിനു ശേഷം ബസുകൾ വിട്ടു നൽകി. ജോയിന്റ് ആർ.ടി.ഒ എൻ. ശങ്കരൻ പോറ്റി, എം.വി.ഐമാരായ ബെന്നി ജേക്കബ്, വി.പി. സക്കീർ, എം. മനോജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.