ഇടുക്കി: മലയോരകർഷകരും വ്യാപാരികളുമടക്കമുള്ള ജില്ലയിലെ പതിനായിരക്കണക്കിന് ജനങ്ങളുടെ ആശങ്ക ഇന്ന് നടക്കുന്ന സർവകക്ഷിയോഗത്തിൽ പരിഹരിക്കുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ജില്ലയിലെ ഭൂമിപ്രശ്‌നം ചർച്ച ചെയ്യുന്നതിന് മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച സർവകക്ഷി യോഗം ഇന്ന് രാവിലെ 10.30ന് തിരുവനന്തപുരത്ത് ഗവ. ഗസ്റ്റ് ഹൗസിൽ ചേരും. യോഗത്തിൽ ജില്ലയിൽ നിന്നുള്ള മന്ത്രിയും എം.പിയും എം,എൽ.എമാരുമടക്കമുള്ള ജനപ്രതിനിധികളും ജില്ലാ കളക്ടറടക്കമുള്ള ഉദ്യോഗസ്ഥരും പങ്കെടുക്കും. നിയമസഭയിൽ പി.ജെ. ജോസഫിന്റെ അടിയന്തര പ്രമേയത്തിന് മറുപടിയായിട്ടാണ് സർവ്വകക്ഷയോഗതീരുമാനം മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. മറ്റ് പതിമൂന്ന് ജില്ലകൾക്കും ബാധകമല്ലാത്ത നിയമം ഇടുക്കിക്ക് മാത്രമായി എന്തിന് നടപ്പിലാക്കുന്നുവെന്ന ചോദ്യമാണ് ഉയർന്നിരുന്നത്. ഉത്തരവിനെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതിയും യു.ഡി.എഫും ജില്ലയിൽ ഹർത്താൽ നടത്തിയിരുന്നു.
കീറാമുട്ടിയായ ഭൂവിഷയം
പട്ടയങ്ങൾ റദ്ദാക്കാനും നിർമാണ നിരോധനം ഏർപ്പെടുത്താനും തീരുമാനിച്ച സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച രണ്ട് ജനദ്രോഹ ഉത്തരവുകളും പിൻവലിക്കണമെന്നാണ് ഇടുക്കിക്കാരുടെ പ്രധാന ആവശ്യം. ജില്ലയിലെ നിർമാണങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ട് ആഗസ്റ്റ് 22ന് റവന്യൂവകുപ്പ് ഇറക്കിയ ഉത്തരവ് ജില്ലയിൽ ഒട്ടേറെ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നതാണ്. ഈ ഉത്തരവിനെ തുടർന്ന് സെപ്തംബർ 25ന് തദ്ദേശസ്വയംഭരണവകുപ്പ് ബിൽഡിംഗ് പെർമിറ്റ് നൽകുന്നതുമായി ബന്ധപ്പെട്ട് ഇറക്കിയ ഉത്തരവിലൂടെ ജില്ലയിലെ നിർമാണമേഖല പാടെ നിശ്ചലമായി. ആഗസ്റ്റ് 22ലെ ഉത്തരവ് തിരുത്തി ഒക്ടോബർ 14ന് ഭേദഗതി ഉത്തരവ് ഇറക്കിയപ്പോൾ പോലും ആശയകുഴപ്പം നിലനിൽക്കുന്നുണ്ട്.