തൊടുപുഴ: നവീകരണത്തിനായി നിർത്തിവെച്ചിരിക്കുന്ന ഇടുക്കി പദ്ധതിയുടെ മൂലമറ്റം പവർഹൗസിലെ ഒരു ജനറേറ്റർ ഇന്ന് പ്രവർത്തിപ്പിക്കും. ആദ്യഘട്ടത്തിലെ ഒന്ന്, രണ്ട് നമ്പർ ജനറേറ്ററുകളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതിന്റെ ഭാഗമായി വാട്ടർ കണ്ടക്ടർ സിസ്റ്റം പുനരുദ്ധരിക്കുന്നതിന് വേണ്ടിയാണ് പവർ ഹൗസ് പൂർണമായും നിർത്തിവെച്ചത്. നവീകരണ പ്രവർത്തനങ്ങൾ ഏതാണ്ട് അവസാന ഘട്ടത്തിലാണ്. ഇന്ന് വൈകിട്ട് 5 ന് മൂന്നാം നമ്പർ ജനറേറ്റർ സർവീസിലിടും. 22 ന് നാലാം നമ്പർ ജനറേറ്ററും 24 ന് അഞ്ചാം നമ്പരും 31 ന് 2,6 നമ്പർ ജനറേറ്ററുകളും പ്രവർത്തിപ്പിക്കാൻ കഴിയുമെന്നാണ് കെ.എസ്.ഇ.ബി ജനറേഷൻ വിഭാഗത്തിന്റെ കണക്കുകൂട്ടൽ. സ്‌ഫെറിക്കൽ വാൽവ് മാറ്റിവെക്കുന്ന പണികൾ നടക്കുന്നതിനാൽ ഒന്നാം നമ്പർ ജനറേറ്ററിൽ ഉത്പാദനം തുടങ്ങാൻ സമയമെടുക്കും. ജനുവരി ഒന്നു മുതൽ 5 ജനറേറ്ററുകൾ പ്രവർത്തനക്ഷമമാക്കാനാണ് കെ.എസ്.ഇ.ബി പദ്ധതി. കഴിഞ്ഞ 10 നാണ് മൂലമറ്റം പവർ ഹൗസ് പൂർണ്ണമായും ഷട്ട് ഡൗൺ ചെയ്തത്.