തൊടുപുഴ: ജില്ലയിലെ ഹർത്താൽ രഹിത നാടെന്ന് അറിയപ്പെടുന്ന കുമ്പംകല്ലിലും ഇന്നലെ ഹർത്താൽ ആചരിച്ചു. രണ്ട് പതിറ്റാണ്ടായി തൊടുപുഴയ്ക്കടുത്ത് കുമ്പംകല്ല് നിവാസികൾക്ക് ഒരു കീഴ്‌വഴക്കമുണ്ട്. ഹർത്താലേത് വന്നാലും കുമ്പംകല്ലുകാർ കട അടയ്ക്കില്ല. ഇനിയെങ്ങാനും ആരെങ്കിലും അടച്ചാലോ പിറ്റേന്ന് തുറക്കാമെന്നും വിചാരിക്കണ്ട. ഹർത്താലാണെന്ന പേരിൽ ഏതെങ്കിലും രാഷ്ട്രീയപാർട്ടികൾ കടയടപ്പിക്കാനായി കുമ്പംകല്ലിലേക്ക് വന്നാൽ വിവരമറിയും. 20 വർഷമായി തുടരുന്ന ഈ ആചാരം ഇതിന് മുമ്പ് ലംഘിച്ചത് ഒരു തവണ മാത്രം. ജനകീയ പ്രശ്നമായ മുല്ലപ്പെരിയാർ വിഷയത്തിൽ ഹർത്താൽ ആചരിച്ചപ്പോൾ കുമ്പംകല്ലുകാർ കടകളടച്ച് വാഹനങ്ങളോടിക്കാതെ വിജയിപ്പിച്ചു. അതിന് ശേഷം ഇന്നലെയാണ് കുമ്പംകല്ലുകാർ ഒരു ഹർത്താലിനോട് സഹകരിക്കുന്നത്. ഇന്നലെ കുമ്പംകല്ലിലെ കടകളൊന്നും തുറന്നില്ല. സാധാരണ ഹർത്താൽ ദിനങ്ങളിൽ ദൂരെ സ്ഥലങ്ങളിൽ നിന്നുപോലും ആളുകൾ സാധനം വാങ്ങാനും ഭക്ഷണം കഴിക്കാനും കുമ്പംകല്ലിൽ എത്താറുണ്ടായിരുന്നു. എന്നാൽ ഇന്നലെ അതുപ്രതീക്ഷിച്ചെത്തിയവരെല്ലാം നിരാശരായി മടങ്ങി.