waste
പുഴയിൽ ചാക്കിൽക്കെട്ടി തള്ളിയ മാലിന്യത്തിൽ നിന്ന് ലഭിച്ച ബിയർ പാർലറിന്റെ ബില്ല്

തൊടുപുഴ: ബിയർപാർലറുകാരുടെ നേതൃത്വത്തിൽ ചാക്കിൽക്കെട്ടി മാലിന്യങ്ങൾ തൊടുപുഴയാറിൽ ഒഴുക്കിയത് ഉടമയുടെ നേതൃത്വത്തിൽ നീക്കം ചെയ്യിപ്പിച്ചു. ഇന്നലെ രാവിലെ ഏഴരയോടെ നാട്ടുകാരാണ് സരസ്വതി സ്‌കൂളിന് സമീപമുള്ള കുളിക്കടവിലൂടെ വലിയ ചാക്കുകൾ ഒഴുകി പോകുന്നത് കണ്ടത്. മാലിന്യമാകാമെന്ന് സംശയം തോന്നിയതോടെ ചിലർ രണ്ട് ചാക്കുകൾ കരയ്ക്കെത്തിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വാർഡ് കൗൺസിലർ ടി.കെ. സുധാകരൻ നായർ നഗരസഭ ആരോഗ്യ വിഭാഗത്തെ വിളിച്ചു കാര്യം പറഞ്ഞു. ഇവരെത്തി ചാക്ക് തുറന്നു പരിശോധിച്ചപ്പോൾ ഭക്ഷണാവശിഷ്ടങ്ങളും പ്ലാസ്റ്റിക്കും മദ്യക്കുപ്പിയുടെ അടപ്പുകളും ഉപയോഗിച്ച ടിഷ്യുവും കണ്ടത്തി. പരിശോധനയിൽ പുഴയരികിൽ പ്രവർത്തിക്കുന്ന റിവർവ്യൂ ബിയർ പാർലറിന്റെ ബില്ലുകൾ ലഭിച്ചു. തുടർന്ന് സ്ഥാപന ഉടമയെ വിളിച്ചു വരുത്തി. ഉടമയുടെ നേതൃത്വത്തിൽ മാലിന്യങ്ങൾ നീക്കം ചെയ്തു. 25,000 രൂപ പിഴയടക്കണമെന്ന് ആവശ്യപ്പെട്ട് സ്ഥാപനത്തിന് അടുത്ത ദിവസം തന്നെ നോട്ടീസ് നൽകുമെന്ന് ആരോഗ്യ വിഭാഗം അധികൃതർ അറിയിച്ചു.