തിരുവനന്തപുരം: ജില്ലയിലെ ഭൂപ്രശ്നങ്ങൾ ശാശ്വതമായി പരിഹരിക്കുന്നതിന് 1964 ഭൂപതിവ് ചട്ടവും 1993 പ്രത്യേക ഭൂപതിവ് ചട്ടവും നിർമ്മാണ പ്രവർത്തനങ്ങൾകൂടി നടപ്പിലാക്കത്തക്കവിധം നിയമഭേദഗതി ചെയ്യണമെന്നും ഓഗസ്റ്റ് 22 ന് റവന്യൂവകുപ്പ് ഇറക്കിയ ഉത്തരവും ഇതിനെ തുടർന്നുവന്നിട്ടുള്ള ഉത്തരവുകളും പൂർണ്ണമായും പിൻവലിക്കണമെന്നും സർവ്വകക്ഷിയോഗത്തിൽ റോഷി അഗസ്റ്റിൻ എംഎൽഎ ആവശ്യപ്പെട്ടു. 2010-ൽ വൺ എർത്ത് വൺ ലൈഫ്' എന്ന പരിസ്ഥിതി സംഘടന മൂന്നാറിന്റെ സംരക്ഷണത്തിന് പ്രത്യേക നിർമ്മാണ ചട്ടമാണ് ആവശ്യപ്പെട്ടത്. എന്നാൽ മൂന്നാർ പ്രദേശമെന്ന് കണക്കാക്കി എട്ട് വില്ലേജുകളിൽ എൻ.ഒ.സി ഏർപ്പെടുത്തി ജില്ലാ കളക്ടറുടെ സർക്കുലറും ഇപ്പോൾ ഉത്തരവും വന്നിരിക്കുകയാണ്. മൂന്നാർ പ്രദേശമെന്നത് കെ.ഡി.എച്ച് വില്ലേജ് മാത്രമായി നിജപ്പെടുത്തണം. ശേഷിക്കുന്ന ഏഴ് വില്ലേജുകളെ നിയന്ത്രണത്തിൽ നിന്നും പൂർണ്ണമായും ഒഴിവാക്കണമെന്നും മൂന്നാറിൽ പരിസ്ഥിതിക്ക് അനുയോജ്യമായ നിർമ്മാണ ചട്ടം രൂപീകരിച്ച് പഞ്ചായത്തുമുഖേന നടപ്പിലാക്കുകയാണ് ഉചിതം.

അരനൂറ്റാണ്ടുകാലം മുൻപ് ജില്ലയിൽ ഭൂമി പതിച്ചുനൽകുന്നതിന് രൂപീകരിച്ച ഭൂപതിവ് ചട്ടങ്ങളാണ് നിലവിലുള്ളത്. കാർഷിക ആവശ്യത്തിനും വീടുവെച്ചുതാമാസിക്കുന്നതിനും മാത്രമാണ് ആ കാലയളവിൽ ഭൂമിയുടെ ഭൂരിഭാഗവും ഉപയോഗിച്ചുവന്നിരുന്നത്. എന്നാൽ കാലാനുസൃതമായ മാറ്റക്കങ്ങൾക്കനുസൃതമായി വാണിജ്യ ആവശ്യങ്ങൾക്കുകൂടി നിർമ്മാണ പ്രവർത്തനങ്ങൾ നടത്തേണ്ടത് ആവശ്യമാണ്. അതിനാൽ ഭൂപ്രശ്നങ്ങൾ ശാശ്വതമായി പരിഹരിക്കുന്നതിനായി 1964-ഭൂപതിവ് ചട്ടവും 1993-ഭൂപതിവ് ചട്ടവും പ്രകാരം നൽകിയിട്ടുള്ള ഭൂമികളിൽ വാണിജ്യ ആവശ്യങ്ങൾക്ക് നിർമ്മാണ പ്രവർത്തനങ്ങളുൾപ്പെടെ സാധ്യമാകത്തക്കവിധം നിയമ ഭേദഗതി നടപ്പിലാക്കേണ്ടതായിട്ടുണ്ടെന്നുംതിരുവനന്തപുരത്ത് നടന്ന സർവ്വകക്ഷിയോഗത്തിൽ എംഎൽഎ ആവശ്യപ്പെട്ടു.