കട്ടപ്പന: ഹൈറേഞ്ചിനെ ആഘോഷലഹരിയിലാഴ്ത്തി കട്ടപ്പന ഫെസ്റ്റിന് ഇന്നുതുടക്കമാകും. നഗരസഭയുടെ നേതൃത്വത്തിൽ ട്രാവൻകൂർ അഗ്രോ സൊസൈറ്റിയുടെ സഹകരണത്തോടെ നടത്തുന്ന ഫെസ്റ്റിന് നഗരസഭ സ്‌റ്റേഡിയമാണ് വേദിയാകുന്നത്. വൈകിട്ട് നാലിന് ടൗൺഹാൾ പരിസരത്തു നിന്നു സാംസ്‌കാരിക ഘോഷയാത്ര ആരംഭിക്കും. അഞ്ചിന് ചേരുന്ന യോഗത്തിൽ ചലച്ചിത്ര സംവിധായകൻ ജോണിആന്റണിഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. റോഷി അഗസ്റ്റിൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. സമ്മേളാനന്തരം കലാഭവൻ ജിന്റോയുടെ നേതൃത്വത്തിൽ മെഗാഷോ നടക്കും.
നാളെ രാവിലെ 11 മുതൽ പ്രദർശന പരിപാടി ആരംഭിക്കും. അമൃത മെഡിക്കൽ കോളജ് ഒരുക്കുന്ന മെഡിക്കൽ പ്രദർശനം, സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റിയൂട്ടിന്റെ പവലിയൻ, റോബോട്ടിക് ആനിമൽ എക്സിബിഷൻ, പുസ്തക പ്രദർശനം, ത്രീഡി ഷോ, പുരാവസ്തു പ്രദർശനം, കാർഷിക വിജ്ഞാൻകേന്ദ്ര ഒരുക്കുന്ന പവലിയൻ, കാർഷികവിള പ്രദർശനം, പുഷ്പഫലസസ്യ നഴ്സറി, ഭക്ഷണശാല, അമ്യൂസ്‌മെന്റ് പാർക്ക്, അറുപതോളം വ്യത്യസ്ത സ്റ്റാളുകൾ എന്നിവയാണ് ഫെസ്റ്റ് മൈതാനത്ത് ഒരുക്കുന്നത്. പ്രദർശന പരിപാടികളും കാർഷികവിള പ്രദർശന മത്സരവും ഡീൻ കുര്യാക്കോസ് എം.പി. ഉദ്ഘാടനം ചെയ്യും. എല്ലാ ദിവസവും വൈകിട്ട് അഞ്ചുമുതൽ ഏഴുവരെ പ്രാദേശിക കലാസമിതികളുടെ കലാപരിപാടികൾ ഉണ്ടായിരിക്കും. 19ന് വൈകിട്ട് മജീഷ്യൻ സാമ്രാട്ടും സംഘവും മാജിക് ഷോ അവതരിപ്പിക്കും. നിർധനരായ രോഗികളെ സഹായിക്കാനുള്ള ജീവകാരുണ്യ ഫണ്ട് ശേഖരിക്കാൻ ലക്ഷ്യമിട്ടുള്ള ഫെസ്റ്റ് ജനുവരി ഒന്നിന് സമാപിക്കും.