vilaveduppu

മറയൂർ: കാർഷിക സംസ്‌കൃതിയുടെ പൊലിഞ്ഞുപോയ ഇഴകൾ വീണ്ടെടുക്കുകയാണ് മാശിവയലിലെ പാടശേഖരങ്ങളിലെ കൊയ്ത്തുത്സവങ്ങൾ. തട്ടുതട്ടായ ചെറു പാടങ്ങൾ നെൽപ്പാടങ്ങളിൽ നെൽമണികൾ വിളഞ്ഞു കിടക്കുകയാണ്. കൃഷിയും കൊയ്ത്തും എല്ലാം പരമ്പരാഗത ശൈലിയിലാണ്. കരിമ്പിൻ തോട്ടങ്ങളും കമുകിൻ പാടങ്ങളും വ്യാപകമായതോടു കൂടി മറയൂർ, കാന്തല്ലൂർ മേഖലയിൽ അവശേഷിക്കുന്ന ഏക നെല്ലറയാണ് മാശിവയൽ. അഞ്ചു നാടൻ ഗ്രാമങ്ങളായ കാന്തല്ലൂർ, കീഴാന്തൂർ ഗ്രാമങ്ങളിലുള്ള കർഷകരുടെ കൈവശമുള്ള ഈ ഭൂമിയിൽ മറ്റു കൃഷികൾ ചെയ്യാൻ ഒരുങ്ങാതെ നെൽ കൃഷി പാരമ്പര്യമായി തുടർന്നു വരുന്നു. രുചിയിലും ഗുണത്തിലും ഏറെ മുന്നിൽ നില്ക്കുന്ന കുറവ എന്ന നാടൻ നെല്ലിനമാണ് ഇവിടെ താരമാകുന്നത്. അന്യം നിന്നുപോകുന്ന ഈ നെല്ലിന്റെ ഒരു ഭാഗത്ത് വാലു പോലെ നീണ്ടു നില്ക്കുന്ന ഈയിനം പയസ് നഗർ സ്വദേശി തങ്ക വേലുവും മകൻ മണികണ്ഠനുമാണ് കൃഷി ചെയ്തിരിക്കുന്നത്. മികച്ച യുവകർഷകനുള്ള അവാർഡ് കരസ്ഥമാക്കിയ മണികണ്ഠൻ പരമ്പരാഗത ശൈലി പിൻതുടർന്നാണ് കൃഷി ചെയ്തത്. കാളപൂട്ടി നിലമൊരുക്കി കൃഷിയിറക്കി കൊയ്തു, കാളകൾ മെതിച്ചാണ് നെല്ല് വിളവെടുത്തത്. മിക്ക കർഷകരും ഇവിടെ നെല്ലു കൃഷി ചെയ്യുന്നത് സ്വന്തം ആവശ്യത്തിനു വേണ്ടിയാണ്. കറ്റ ഉണക്കി കച്ചിയായി സൂക്ഷിച്ച് കന്നുകാലി വളർത്തലിന് ഉപയോഗിക്കുന്നു. ചാണകം ജൈവകൃഷിക്ക് വളമായും ഉപയോഗിച്ച് വരുന്നു.
കുറുവ നെല്ലിനോടൊപ്പം കോ .51 (കോയമ്പത്തൂർ 51), ശരപ്പൊന്നി, കൾച്ചർ തുടങ്ങിയ ഇനങ്ങളും ഇവിടെ കൃഷി ചെയ്തുവരുന്നത്. ഉയർന്ന കൂലി ചെലവിലും വളത്തിന്റെ വിലവർധനവിലും സബ്സിഡിയും മറ്റു കൃഷി വായ്പകളും ലഭ്യമായത് ആശ്വസമായിരുന്നെന്ന് തങ്ക വേലു പറഞ്ഞു.