maalinyam
ചെറുതോണി ടൗണിലൂടെ ഒഴുകുന്ന കൈത്തോട്ടിൽ കക്കൂസ് മാലിന്യം ഒഴുക്കിവിട്ട നിലയിൽ

ചെറുതോണി: ഹർത്താലിന്റെയും അവധി ദിവസങ്ങളുടെയും മറവിൽ പുഴയിലൂടെ കക്കൂസ് മാലിന്യം ഒഴുക്കി ജനജീവിതം ദുസ്സഹമാക്കുന്നെന്ന് പരാതി. ചെറുതോണി പുഴയിലേക്കുള്ള കൈത്തോട്ടിലൂടെയാണ് മാലിന്യം ഒഴുക്കിവിടുന്നത്.
ചെറുതോണി പുഴയിലൂടെ പെരിയാറേക്കൊഴുന്ന വെള്ളത്തിലാണ് കക്കൂസ് മാലിന്യം നിക്ഷേപിക്കുന്നത്. ഇന്നലെ രാവിലെ 10ന് കൈത്തോട്ടിൽ ദുർഗന്ധം പരത്തി മാലിന്യം നിറഞ്ഞു കിടക്കുകയായിരുന്നു. തോട്ടിലെ നീരൊഴുക്ക് കുറഞ്ഞതോടെ കരകളിൽ പറ്റിപ്പിടിച്ച് മണിക്കൂറുകൾക്ക് ശേഷമാണ് ടൗണിൽ നിന്നും ദുർഗന്ധം ഒഴിവായത്. നൂറുകണക്കിനാളുകൾ വിവിധ ആവശ്യങ്ങൽക്ക് ഉപയോഗിക്കുന്ന വെള്ളമാണ് ഇതിലൂടെ മലിനമായിരിക്കുന്നത്. ഹർത്താൽ ദിവസമായതിനാൽ ടൗണിൽ തിരക്കുകുറവാകുമെന്നതും കടകളും ഓഫീസുകളും തുറക്കില്ലെന്നതുമാണ് ഇന്നലെ കക്കൂസ് മാലിന്യം പുഴയിലേക്ക് ഒഴുക്കാൻ പ്രേരിപ്പിച്ചതെന്ന് നാട്ടുകാർ പറയുന്നു. ടൗണിലെ ചില വ്യാപാരസ്ഥാപനത്തിലെയും ഏതാനും വീടുകളിലെയും കക്കൂസ് സേഫ്റ്റി ടാങ്കിന് തോട്ടിലേക്ക് തുറക്കാവുന്ന വാൽവ് ഘടിപ്പിച്ചിട്ടുണ്ടെന്നും നാട്ടുകാർ ആരോപിക്കുന്നു.