തൊടുപുഴ: മങ്ങാട്ടുകവലയിൽ അനുമതിയില്ലാതെ ഹർത്താൽ അനുകൂലികൾ പ്രകടനം നടത്താൻ ശ്രമിച്ചതിനെ തുടർന്ന് പ്രവർത്തകരും പൊലീസും തമ്മിൽ നേരിയ തോതിൽ ഉന്തുംതള്ളുമുണ്ടായി. തുടർന്ന് 22 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മങ്ങാട്ടുകവലയിൽ നിന്ന് സംയുക്ത സമര സമിതി രാവിലെ 11ന് പ്രകടനം നടത്താനൊരുങ്ങിയപ്പോൾ പൊലീസ് തടസം അറിയിച്ചു. തുടർന്ന് പ്രവർത്തകർ സംഘടിച്ച് മുദ്രാവാക്യം ഉയർത്തുകയും പ്രകടനം നടത്തുകയുമായിരുന്നു. പ്രകടനം നൂറ് മീറ്റർ പിന്നിട്ടപ്പോൾ കൂടുതൽ പൊലീസ് സ്ഥലത്തെത്തി തടഞ്ഞതോടെ പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമായി. തുടർന്ന് നേതാക്കളടക്കമുള്ള പ്രവർത്തകരെ അറസ്റ്റ് ചെയ്യുകയായിരുന്നു.