ഇടുക്കി: പൗരത്വ ഭേദഗതി ബില്ലിനെതിരെ സംയുക്ത സമര സമിതി ആഹ്വാനം ചെയ്ത ഹർത്താൽ ഇടുക്കി ജില്ലയിൽ ഭാഗികം. ഹർത്താൽ ആഹ്വാനം ചെയ്ത വിവിധ രാഷ്ട്രീയപാർട്ടികളിലെയും സംഘടനകളിലെയും 68 പ്രവർത്തകരെ ജില്ലയിൽ കരുതൽ തടങ്കലിന്റെ ഭാഗമായി നേരത്തെ തന്നെ കസ്റ്റഡിയിലെടുത്തു. അതിനാൽപലയിടത്തും വാഹനങ്ങൾ തടയാനും കടകൾ അടപ്പിക്കാനും പ്രവർത്തകർ കുറവായിരുന്നു. എങ്കിലും ചില ഗ്രാമപ്രദേശങ്ങളിലൊഴിച്ച് ഭൂരിഭാഗം പ്രദേശങ്ങളിലും കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. കെ.എസ്.ആർ.ടി.സി ബസുകൾ സർവീസ് നടത്തിയെങ്കിലും സ്വകാര്യ ബസുകൾ ഭൂരിഭാഗവും നിരത്തിലിറങ്ങിയില്ല. അതിനാൽ മലയോരമേഖലയിലടക്കം സ്‌കൂളുകളിൽ പരീക്ഷയ്‌ക്കെത്തിയ വിദ്യാർത്ഥികൾ വലഞ്ഞു. സർക്കാർ ഓഫീസുകളിൽ ഹാജർനില കുറവായിരുന്നു.
തൊടുപുഴ: ലോറേഞ്ചിൽ ഹർത്താൽ ഭാഗികമായിരുന്നു. ഭൂരിഭാഗം കടകളും അടഞ്ഞുകിടന്നു. കെ.എസ്.ആർ.ടി.സി ബസുകളും സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങി. നാമമാത്രമായ സ്വകാര്യ ബസുകളാണ് സർവീസ് നടത്തിയത്. മങ്ങാട്ടുകവലയിൽ അനുമതിയില്ലാതെ പ്രകടനം നടത്താൻ ശ്രമിച്ച ഹർത്താൽ അനുകൂലികളും പൊലീസും തമ്മിലുണ്ടായ ഉന്തും തള്ളിലും 22 പേർ അറസ്റ്റിലായി. ഹർത്താൽ രഹിത നാടായ കുമ്പംകല്ലിൽ ഇത്തവണ ഹർത്താൽ ആചരിച്ചത് ശ്രദ്ധേയമായി. അതിനാൽ തൊടുപുഴ പൊലീസ് കാന്റീൻ മാത്രമായിരുന്നു നഗരത്തിലെത്തിയവർക്ക് ഏകആശ്രയം. വ്യാപാര സ്ഥാപനങ്ങളിൽ നോട്ടീസുകൾ വിതരണം ചെയ്തതിനെ തുടർന്ന് മൂന്ന് ഹർത്താൽ അനുകൂലികളെ മുട്ടം പൊലീസ് കരുതൽ തടങ്കലിൽ പാർപ്പിച്ചിരുന്നു.
കട്ടപ്പന: ഹർത്താൽ ഹൈറേഞ്ചിലും ഭാഗികം. കട്ടപ്പന നഗരത്തിലെ കടകമ്പോളങ്ങൾ ഭൂരിഭാഗവും അടഞ്ഞുകിടന്നു. കരുതൽ തടങ്കലിന്റെ ഭാഗമായി കട്ടപ്പന പോലീസ് സ്റ്റേഷനിൽ എസ്.ഡി.പി.ഐ, ദളിത് സംഘടന പ്രവർത്തകരായ എട്ടുപേരെ കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ വൈകിട്ട് ആറോടെ വിട്ടയച്ചു. നേതാക്കൾ കസ്റ്റഡിയിലായതോടെ രാവിലെയും വൈകിട്ടും ഹർത്താലനുകൂലികൾ പ്രകടനം നടത്തിയില്ല. സ്വകാര്യ വാഹനങ്ങൾ തടസമില്ലാതെ നിരത്തിലിറങ്ങി. നഗരത്തിൽ എവിടെയും വാഹനങ്ങൾ തടഞ്ഞില്ല. ശബരിമല തീർത്ഥാടകരുടെ വാഹനങ്ങളും തടസമില്ലാതെ കടന്നുപോയി. ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ 18 ഉദ്യോഗസ്ഥരിൽ 11 പേരും ജോലിക്കെത്തി. സ്വകാര്യ ബസുകളൊന്നും സർവീസ് നടത്തിയില്ല. കട്ടപ്പന കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ 30 ബസുകൾ സർവീസ് നടത്തിയെങ്കിലും യാത്രക്കാർ കുറവായിരുന്നു. പരീക്ഷയ്‌ക്കെത്തിയ വിദ്യാർത്ഥികൾ പലരും സ്വകാര്യ വാഹനങ്ങളിലും ആട്ടോറിക്ഷകളിലുമാണ് വീടുകളിലേക്ക് മടങ്ങിയത്. നഗരത്തിലെ വിവിധ കേന്ദ്രങ്ങളിൽ പൊലീസിനെ വിന്യസിച്ചിരുന്നു.
അടിമാലി: അടിമാലിയിൽ വ്യാപാരി വ്യവസായി ഏകോപന സമിതി കടകൾ തുറക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും മെഡിക്കൽ സ്റ്റോർ ഉൾപ്പെടെ അടഞ്ഞുകിടന്നു. സ്വകാര്യ ബസുകളും കെ.എസ്.ആർ.ടി.സിയും സർവീസ് നടത്തിയില്ല. തുടർന്ന് വിദ്യാർത്ഥികൾ പലർക്കും പരീക്ഷ എഴുതാനായില്ല. ഹർത്താൽ അനുകൂലികളായ അഞ്ച്‌പേരെ തിങ്കളാഴ്ച കരുതൽ തടങ്കലിൽ എടുത്തിരുന്നു.. ഇന്നലെ രാവിലെ വാഹനം തടയാൻ എത്തിയ 17 ഹർത്താൽ അനുകൂലികളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഹോട്ടലുകൾ എല്ലാം അടഞ്ഞുകിടന്നതിനാൽ പൊലീസ് കാന്റീൻ മാത്രമായിരുന്നു പൊതുജനങ്ങളുടെ ഏക ആശ്രയം.
ചെറുതോണി: ഹർത്താൽ ജില്ലാ ആസ്ഥാന മേഖലയിൽ സംയുക്ത പ്രതികരണമാണ് സൃഷ്ടിച്ചത്. ഇടുക്കി എൻജിനീയറിംഗ് കോളേജിൽ സമരാനുകൂലികളായ വിദ്യാർത്ഥികൾ പരീക്ഷ നടത്താൻ അനുവദിക്കാതെ സമരം ചെയ്തു. പ്രിൻസിപ്പൽ അറിയിച്ചതിനെ തുടർന്ന് പൊലീസെത്തി പരീക്ഷ നടത്തുകയായിരുന്നു. കെ.എസ്.ആർ.ടി.സി ബസുകൾ സർവീസ് നടത്തിയിരുന്നതിനാൽ യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടുകളൊന്നുമുണ്ടായില്ല. ചെറുതോണി, പൈനാവ്, വാഴത്തോപ്പ്, തടിയമ്പാട്, കരിമ്പൻ, മുരിക്കാശേരി, തോപ്രാംകുടി, തങ്കമണി, ചേലച്ചുവട്, കഞ്ഞിക്കുഴി തുടങ്ങിയ ടൗണുകളിൽ നിരവധി വ്യാപാര സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിച്ചു. സ്വകാര്യവാഹനങ്ങൾക്ക് പുറമെ ഓട്ടോ ടാക്‌സികൾ സർവീസ് നടത്തിയിരുന്നു. സ്‌കൂളുകളിൽ പരീക്ഷകൾക്ക് തടസമുണ്ടായില്ല. എന്നാൽ പരീക്ഷകൾ ഇല്ലാത്ത സ്‌കൂളുകൾക്ക് സ്‌കൂൾ മാനേജ്‌മെന്റ് അവധി നൽകിയിരുന്നു. കളക്‌ട്രേറ്റ് ഉൾപ്പെടെയുള്ള സർക്കാർ ഓഫീസുകളിൽ ഹാജരായവർ കുറവായിരുന്നു.