തൊടുപുഴ: വിദ്യാർത്ഥികളുമായി വിനോദ യാത്രയ്ക്ക് പോകാനെത്തിയ ടൂറിസ്റ്റ് ബസിൽ നിന്ന് വ്യാജ സി.ഡി പിടികൂടി. തൊടുപുഴയിൽ നിന്ന് വിനോദ യാത്ര പോകാനായി കഴിഞ്ഞ ദിവസം പെരുമ്പാവൂർ പുല്ലുവഴിയിൽ നിന്നെത്തിയ 'കിംഗ്‌സ് മാൻ" എന്ന ബസിൽ നിന്നാണ് പൊലീസ് വ്യാജ സി.ഡി പിടികൂടിയത്. അനധികൃതമായി സിഡികൾ സൂക്ഷിച്ചതിന് ബസിലെ ക്ലീനർ കുന്നത്തുനാട് സ്വദേശി മൻസൂറിനെ (25) എസ്‌.ഐ എം.പി. സാഗർ അറസ്റ്റു ചെയ്തു. ഇയാളെ കോടതിയിൽ ഹാജരാക്കി. പിന്നീടാണ് ബസ് വിദ്യാർത്ഥികളുമായി വിനോദ യാത്ര പോയത്. തിങ്കളാഴ്ച ഇവിടെയെത്തിയ ടൂറിസ്റ്റ് ബസുകളിൽ മോട്ടോർ വാഹനവകുപ്പ് പരിശോധന നടത്തിയിരുന്നു. വാഹനത്തിൽ കാതടപ്പിക്കുന്ന എയർഹോണുകളും വെളിച്ച സംവിധാനങ്ങളും ഘടിപ്പിച്ചതിന്റെ പേരിൽ പിറവത്തു നിന്നുള്ള 'കരീബിയൻ" എന്നു പേരുള്ള രണ്ട് ബസുകൾക്കെതിരെ കേസെടുത്തിരുന്നു. രാത്രിയോടെ എത്തിയ കിഗ്‌സ്മാൻ ബസിൽ പൊലീസിന്റെ സഹായത്തോടെയാണ് മോട്ടോർ വാഹനവകുപ്പ് പരിശോധന നടത്തിയെങ്കിലും നിയമലംഘനം കണ്ടെത്തിയില്ല. ഇതിനിടെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ സഹായിക്കാനെത്തിയ പൊലീസിന് നേരെ ബസിലെ ക്ലീനർ ബഹളം വച്ചു. പിന്നീട് നടത്തിയ പരിശോധനയിലാണ് കോപ്പി റൈറ്റ് നിയമം ലംഘിച്ച് ബസിനുള്ളിൽ സൂക്ഷിച്ചിരുന്ന പുതിയ സിനിമകളുടെ വ്യാജ സി.ഡികൾ പിടിച്ചെടുത്തത്.