കട്ടപ്പന: വണ്ടൻമേട് ഗ്രാമപഞ്ചായത്തിലെ ശാസ്താനട 16ാം വാർഡിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പിൽ 73.14 ശതമാനം പോളിംഗ് രേഖപ്പെടുത്തി. 953 വോട്ടർമാരിൽ 697 പേർ സമ്മതിദാനം വിനിയോഗിച്ചു. വണ്ടൻമേട് പഞ്ചായത്ത് എൽപി സ്‌കൂളിലും ശാസ്താനട അംഗൻവാടിയിലുമായിരുന്നു പോളിംഗ് ബൂത്തുകൾ. സി.പി.എം അംഗമായിരുന്ന എസ്. ചിത്രാദേവി പാർട്ടി നിർദേശപ്രകാരം രാജിവച്ചതോടെയാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. കോൺഗ്രസിലെ യു. കീർത്തി മോഹൻ, സി.പി.എമ്മിലെ പേച്ചിയമ്മ കറുപ്പുസ്വാമി, ബി.ജെ.പിയിലെ സത്യ സരേഷ് എന്നിവരാണ് മത്സരിച്ചത്. നിലവിൽ യു.ഡി.എഫാണ് വണ്ടൻമേട് പഞ്ചായത്ത് ഭരിക്കുന്നത്. 18 അംഗ ഭരണസമിതിയിൽ യു.ഡി.എഫ്ഒൻപത്, എൽ.ഡി.എഫ്അഞ്ച്, ബി.ജെ.പി മൂന്ന് എന്നിങ്ങനെയാണ് കക്ഷിനില. ഇന്നുരാവിലെ 10മുതൽ വണ്ടൻമേട് പഞ്ചായത്ത് ഓഫീസിൽ വോട്ടെണ്ണൽ നടക്കും.