തൊടുപുഴ: ജനുവരി ഒന്നു മുതൽ സംസ്ഥാന വ്യാപകമായി സമ്പൂർണ്ണ പ്ളാസ്റ്റിക് നിർമ്മാർജ്ജനം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ജില്ലയിലും വിപുലമായ കർമ്മ പദ്ധതികൾ തയ്യാറാവുന്നു.വ്യക്തികളും കമ്പനികളും വ്യാപാര വ്യവസായ സ്ഥാപനങ്ങളും ഒറ്റത്തവണ മാത്രം ഉപയോഗിക്കാൻ കഴിയുന്ന പ്ളാസ്റ്റിക്ക് വസ്തുക്കൾ ജനുവരി ഒന്ന് മുതൽ നിർമ്മിക്കുകയോ കൊണ്ടുപോവുകയോ സൂക്ഷിക്കുകയോ വിൽപ്പന നടത്തുകയോ ചെയ്യാൻ പാടില്ല എന്നതാണ് പദ്ധതി കൊണ്ട് ഉദ്ധേശിക്കുന്നത്.

ജില്ലാ കളക്ടർ, സബ് ഡിവിഷ്ണൽ മജിസ്‌ട്രേറ്റുമാർ, മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർ, പരിസ്ഥിതി സംരക്ഷണ നിയമ പ്രകാരം കേന്ദ്ര സർക്കാർ നിയോഗിച്ചിരിക്കുന്ന ഉദ്യോഗസ്ഥർ എന്നിവരാണ് ജില്ലയിലെ പ്ലാസ്റ്റിക്ക് നിർമ്മാർജ്ജന പ്രവർത്തനങ്ങൾ കർശനമായി നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടവർ.പ്ലാസ്റ്റിക്ക് നിയമനർജ്ജന പ്രവർത്തനങ്ങൾ ലംഘിക്കുന്നവരുടെ പേരിൽ കർശനമായ നിയമ നടപടികൾ സ്വീകരിക്കാനുള്ള ഉത്തരവാദിത്വവും ഇവർക്കാണ്.

പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി സർക്കാരിൽ നിന്നുള്ള വ്യക്തമായ മാർഗ്ഗ നിർദ്ദേശങ്ങൾ ജില്ലയിലെ 2 നഗരസഭകൾക്കും 52 പഞ്ചായത്തുകൾക്കും ഇവരുടെ നേതൃത്വത്തിൽ കൈമാറുകയും വിവിധ തലങ്ങളിലുള്ള യോഗങ്ങളും നടന്ന് വരുന്നു .ഓരോ തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിന്റെയും പരിധിയിലുള്ള വ്യാപാര വ്യവസായ സ്ഥാപനങ്ങൾ, വ്യക്തികൾ, സംഘങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ നടന്നു വരുന്ന പ്ലാസ്റ്റിക്കിന്റെ ഉപയോഗം പൂർണ്ണമായും ഇല്ലാതാക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ഉച്ചഭാഷണികൾ ഉൾപ്പടെ ഉപയോഗിച്ചുള്ള വിപുലമായ ക്യാമ്പയിനുകൾക്ക് തുടക്കം കുറിച്ചു. പ്രാദേശികമായിട്ടുള്ള വ്യാപാര - വ്യവസായ സ്ഥാപന നടത്തിപ്പുകാരുമായി കൂടിയാലോചിച്ച് പദ്ധതി നടത്തുന്നത് സംബന്ധിച്ചുള്ള വിവിധ തലങ്ങളിലുള്ള ചർച്ച യോഗങ്ങളും നടന്ന് വരുന്നു.കൂടാതെ പ്ലാസ്റ്റിക്ക് കുപ്പികൾ, കവറുകൾ, ഇതര ഉൽപ്പന്നങ്ങളും തിരികെ നൽകുന്നവർക്ക് സംസ്ഥാന ബിവറേജ് കോർപ്പറേഷൻ, കേരഫെഡ്, മിൽമ, കേരള വാട്ടർ അതോറിറ്റി തുടങ്ങിയ സ്ഥാപനങ്ങൾ നിശ്ചിത തുക പ്രോത്സാഹനം നൽകാനുള്ള കർമ്മ പദ്ധതിയും ജില്ലയിൽ പുരോഗമിക്കുന്നു.കേന്ദ്ര വനം - പരിസ്ഥിതി മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം ജില്ലയിലെ വ്യവസായ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള വ്യവസായ പാർക്കുകളിലെ 5 ശതമാനം ഭൂമി മാലിന്യ സംസ്ക്കരണം / പുന:ചണക്രമണം എന്നീ ആവശ്യങ്ങൾക്ക് മാറ്റി വെക്കുന്നതിനുള്ള പ്രവർത്തനങ്ങളും ജില്ലയിൽ കാര്യക്ഷമമായി നടന്ന് വരുന്നു.വ്യാപാര വ്യവസായ സ്ഥാപനങ്ങളിൽ കൂടുതലായി ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് കവറുകൾ, പ്ലാസ്റ്റിക്ക് കുപ്പികൾ എന്നിവ പൂർണ്ണമായും ഒഴിവാക്കുന്നതിലേക്ക് ജില്ലയിലെ കുടുംബശ്രീ യൂണീറ്റുകളുടെ നേതൃത്വത്തിൽ ജൈവ ഉൽപ്പന്നങ്ങൾ വ്യാപകമായി ഉത്പാദിപ്പിക്കാനും കർമ്മ പദ്ധതികൾക്ക് തുടക്കമായി.

"ജനുവരി ഒന്ന് മുതൽ ജില്ലയിൽ സമ്പൂർണ്ണ പ്ലാസ്റ്റിക്ക് നിർമ്മാർജ്ജനം നടപ്പിലാക്കുന്നതിന് വിപുലമായ പ്രവർത്തനങ്ങൾ നടന്ന് വരുന്നു. പ്രാദേശിക സർക്കാർ എന്ന നിലയിൽ പ്രാദേശികമായി സംഘടിപ്പിക്കേണ്ടുന്ന പ്രവർത്തനങ്ങൾ സംബന്ധിച്ചുള്ള നിർദ്ദേശങ്ങൾ ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകുകയും അവർ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോവുകയും ചെയ്യുന്നു"

സാജു സെബാസ്റ്റ്യൻ

ജില്ലാ കോർഡിനേറ്റർ,

ശുചിത്വ മിഷൻ:-