കട്ടപ്പന: വണ്ടൻമേട് ഗ്രാമപഞ്ചായത്തിലെ ശാസ്താനട 16ാം വാർഡിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫിനു അട്ടിമറി ജയം. കോൺഗ്രസിലെ യു. കീർത്തി മോഹൻ, സിപിഎമ്മിലെ പേച്ചിയമ്മ കറുപ്പുസ്വാമിയെ 71 വോട്ടുകൾക്ക് പരാജയപ്പെടുത്തി. കീർത്തി മോഹന് 367 വോട്ടും പേച്ചിയമ്മയ്ക്ക് 296 വോട്ടും ബി.ജെ.പി. സ്ഥാനാർഥി സത്യ സുരേഷിന് 34 വോട്ടും ലഭിച്ചു. സി.പി.എം അംഗമായിരുന്ന എസ്. ചിത്രാദേവി പാർട്ടി നിർദേശപ്രകാരം രാജിവച്ചതോടെയാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. എൽ.ഡി.എഫിന്റെ സീറ്റ് തിരിച്ചുപിടിച്ചതോടെ ഭരണസമിതിയിലെ അംഗബലം ഉയർത്താനും യു.ഡി.എഫിനു കഴിഞ്ഞു. ഇതോടെ 18 അംഗ ഭരണസമിതിയിൽ ഒരു സ്വതന്ത്ര അംഗം ഉൾപ്പെടെ യു.ഡി.എഫ്10, എൽ.ഡി.എഫ്അഞ്ച്, ബി.ജെ.പിമൂന്ന് എന്നിങ്ങനെയായി കക്ഷിനില. ഫലപ്രഖ്യാപനത്തിനുശേഷം യു.ഡി.എഫ് പ്രവർത്തകർ വണ്ടൻമേട്ടിൽ ആഹ്ളാദ പ്രകടനം നടത്തി.