കട്ടപ്പന : ഉദ്യോഗാർത്ഥികൾക്ക് സഹായമായി കട്ടപ്പനയിലെ ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചിൽ പി എസ് സി ഫെസിലിറ്റേഷൻ സെന്റർ തുറന്നു.സെന്ററിന്റെ ഉദ്ഘാടനം റോഷി അഗസ്റ്റിൻ എം.എൽ.എ നിർവ്വഹിച്ചു. കട്ടപ്പന നഗരസഭാ കൗൺസിലർ കെ.എൻ.മോഹനൻ അദ്ധ്യക്ഷത വഹിച്ചു. പി. എസ്.സി അണ്ടർ സെക്രട്ടറി മരീന ജോർജ് മുഖ്യപ്രഭാഷണം നടത്തി . എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചിന്റെ കരിയർ ജാലകം മാസികയുടെ വിതരണോദ്ഘാടനം കട്ടപ്പന നഗരസഭാ കൗൺസിലർ കെ.എൻ.മോഹനൻ നിർവ്വഹിച്ചു. ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ കെ.എസ്.ബിന്ദു, എംപ്ലോയ്‌മെന്റ് ഓഫീസർമാരായ പി. പോൾ വർഗീസ്, ഇ.പി.സുനന്ദ എന്നിവർ സംസാരിച്ചു.

നാഷണൽ എംപ്ലോയ്‌മെന്റ് സർവ്വീസിന്റെ ആഭിമുഖ്യത്തിൽ എല്ലാ ജില്ലകളിലും പി എസ് സി ഫെസിലിറ്റേഷൻ സെന്ററുകൾ തുടങ്ങുന്നതിന്റെ ഭാഗമായാണ് കട്ടപ്പനയിൽ പ്രവർത്തിച്ചു വരുന്ന ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചിലും സെന്റർ ആരംഭിക്കന്നത്. പി എസ് സി സംബന്ധിച്ച് പ്രത്യേക പരിശീലനം ലഭിച്ച ജീവനകരാകും സെന്ററിൽ ഉണ്ടാകുക. പി എസ് സി വൺ ടൈം രജിസ്‌ടേഷൻ, സർട്ടിഫിക്കറ്റ് അപ് ലോഡിങ്, പ്രസിദ്ധീകരിച്ചിട്ടുള്ള റാങ്ക് ലിസ്റ്റുകൾ, ഷോർട്ട് ലിസ്റ്റുകൾ എന്നിവ പരിശോധിക്കുന്ന വിധം, ക്രീമിലെയർ, നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റുകൾ അപ് ലോഡ് ചെയ്യുന്ന വിധം, ഹാൾ ടിക്കറ്റ് ഡൗൺലോഡ് സൗകര്യം തുടങ്ങി പി എസ് സി ലഭ്യമാക്കുന്ന വിവിധ സേവനങ്ങളെക്കുറിച്ചുള്ള അവബോധം ഈ സെന്ററുകൾ മുഖേന ഉദ്യോഗാർത്ഥികൾക്ക് ലഭിക്കുന്നു.