തൊടുപുഴ: ഗാന്ധിജി സ്റ്റഡി സെന്ററിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കാർഷികമേള 27 മുതൽ ജനുവരി അഞ്ചു വരെ തൊടുപുഴ ന്യൂമാൻ കോളേജ് ഗ്രൗണ്ടിൽ നടക്കുമെന്ന് സ്റ്റഡി സെന്റർ ചെയർമാൻ പി.ജെ.ജോസഫ് എം.എൽ.എ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മേളയോടനുബന്ധിച്ച് സംസ്ഥാനത്തെ ഏറ്റവും മികച്ച ജൈവ കർഷകന് മൂന്നു ലക്ഷം രൂപയുടെ കർഷക തിലക് അവാർഡ് സമ്മാനിക്കും. സംസ്ഥാനത്തെ ഏറ്റവും മികച്ച ഗോശാലയ്ക്ക് ഒരു ലക്ഷം രൂപയുടെ അവാർഡും കാർഷികമേള 2020 നോടനുബന്ധിച്ച് സമ്മാനിക്കും. 27ന് വൈകിട്ട് അഞ്ചിന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മേള ഉദ്ഘാടനം ചെയ്യും. മന്ത്രി കെ. കൃഷ്ണൻകുട്ടി അദ്ധ്യക്ഷത വഹിക്കും. പി.ജെ. ജോസഫ് എം.എൽ.എ ആമുഖ പ്രസംഗം നടത്തും. ഡീൻ കുര്യാക്കോസ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രശസ്ത സംഗീത സംവിധായകൻ എം. ജയചന്ദ്രൻ വിശിഷ്ടാതിഥി ആയിരിക്കും.
നീർത്തട സംരക്ഷണമാണ് മേളയുടെ മുഖ്യവിഷയം. ഓരോ ദിവസവും വിവിധ വിഷയങ്ങളിൽ സെമിനാർ നടക്കും. അഞ്ചിന് രാവിലെ 8.30 മുതൽ കോലാനി വെങ്ങല്ലൂർ ബൈപാസ് റോഡിന് സമീപം കാലിപ്രദർശനവും മത്സരവും നടക്കും. വിളപ്രദർശനവും മത്സരവും, കാർഷിക സ്‌പോർട്‌സ്, കുട്ടികളുടെ കലാസാഹിത്യ മത്സരങ്ങൾ എന്നിവയും മേളയോടനുബന്ധിച്ച് ഉണ്ടാകും. സംസ്ഥാന തലത്തിൽ അഞ്ചിൽ കൂടുതൽ കറവപശുക്കളുള്ള ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കുന്ന മികച്ച ഗോശാലകൾക്ക് യഥാക്രമം ഒരു ലക്ഷം രൂപയുടെയും അമ്പതിനായിരം രൂപയുടെയും ഇരുപത്തയ്യായിരം രൂപയുടെയും അവാർഡുകൾ സമ്മാനിക്കും. ഏറ്റവും നല്ല നാടൻ പശുക്കളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾക്ക് ഒരു ലക്ഷം രൂപയുടെയും അമ്പതിനായിരം രൂപയുടെയും ഇരുപത്തയ്യായിരം രൂപയുടെയും അവാർഡുകൾ സമ്മാനിക്കും. ജഴ്‌സി, എച്ച്.എഫ്., സുനന്ദിനി പശുക്കളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾക്ക് യഥാക്രമം ഇരുപതിനായിരം, പതിനായിരം, അയ്യായിരം രൂപയുടെയും അവാർഡുകൾ സമ്മാനിക്കും.
27 ന് വൈകിട്ട് ഏഴിന് സംഗീത സംവിധായകൻ എം. ജയചന്ദ്രൻ, പ്രശസ്ത പിന്നണി ഗായിക മഞ്ജരി എന്നിവർ നേതൃത്വം നൽകുന്ന സംഗീത വിസ്മയം. സിനിമാ നടി മിയ അവതരിപ്പിക്കുന്ന ഡാൻസ്. 28ന് വൈകിട്ട് ഏഴിന് പിന്നണി ഗായകൻ ജി. വേണുഗോപാൽ നേതൃത്വം നൽകുന്ന സംഗീത നിശ. സിനിമാ താരം മഹാലക്ഷ്മി അവതരിപ്പിക്കുന്ന ഡാൻസ്. ജനുവരി ഒന്നിന് വൈകിട്ട് ഏഴിന് സംഗീത സംവിധായകരായ ബേണി ഇഗ്നേഷ്യസ് നേതൃത്വം നൽകുന്ന സംഗീത സന്ധ്യയിൽ അഫ്‌സൽ, ജ്യോത്സന, സിതാര എന്നിവർ പങ്കെടുക്കും. രണ്ടിന് വൈകിട്ട് ആറിന് കളരിപ്പയറ്റ്. തുടർന്ന് ജോസി ആലപ്പുഴ നേതൃത്വം നൽകുന്ന മ്യൂസിക്കൽ ഫ്യൂഷൻ നൈറ്റിൽ ഗായിക സനാ മൊയ്തൂട്ടി പങ്കെടുക്കും. മൂന്നിന് വൈകിട്ട് ഏഴിന് ടി.വി താരങ്ങളായ സുബി സുരേഷും പ്രശാന്ത് പുന്നപ്രയും ചേർന്ന് നയിക്കുന്ന മെഗാഷോ. നാലിന് വൈകിട്ട് ഏഴിന് ടിനി ടോം അവതരിപ്പിക്കുന്ന മെഗാഷോ, ഷംന കാസിം അവതരിപ്പിക്കുന്ന ഡാൻസ്. അഞ്ചിന് വൈകിട്ട് ഏഴിന് ഗായിക ശ്വേത മോഹനും പിന്നണി ഗായകൻ വിധു പ്രതാപും അവതരിപ്പിക്കുന്ന സംഗീത രാവും ഉണ്ടാകും. മേളയുടെ സമാപന സമ്മേളനവും കർഷക തിലക് അവാർഡ് വിതരണവും ജനുവരി അഞ്ചിന് വൈകിട്ട് 5.30 ന് നടക്കും.