കുടയത്തൂർ: പഞ്ചായത്തിന്റെ നേതൃത്വത്തിൽ പഞ്ചായത്തിനെ പ്ലാസ്റ്റിക് വിമുക്തമാക്കുന്നതിന്റെ ഭാഗമായി പ്ലാസ്റ്റിക് നിരോധന വിളംബരജാഥ 20 ന് നടത്തും . ഉപയോഗശേഷം പുറംതള്ളുന്ന പ്ലാസ്റ്റിക് വസ്തുക്കൾ ആരോഗ്യ പാരിസ്ഥിതിക പ്രശ്നമായി മാറിക്കഴിഞ്ഞ സാഹചര്യത്തിൽ പ്ലാസ്റ്റിക് ഉപയോഗത്തിന്റെ ദോഷ വശങ്ങൾ സംബന്ധിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുകയാണ് വിളംബരജാഥയുടെ മുഖ്യ ലക്ഷ്യം. ഹരിതകേരള മിഷൻ പുഴകളുടെയും നീർചാലുകളുടെയും സംരക്ഷണത്തിനായി ബീക്കൺ പഞ്ചായത്തായി കുടയത്തൂർ പഞ്ചായത്തിനെ തിരഞ്ഞെടുത്തിട്ടുമുണ്ട്. പ്ലാസ്റ്റിക് നിരോധനം, പുഴകളുടെയും നീർചാലുകളുടെയും സംരക്ഷണം എന്നീ സന്ദേശങ്ങൾ ഉയർത്തിക്കൊണ്ടുള്ള വിളംബരജാഥ കുടയത്തൂർ സർവീസ് സഹകരണ ബാങ്ക് കവലയിൽ നിന്ന് കാഞ്ഞാറിലേക്ക് നടത്തും. വിവിധ ജനപ്രതിധികൾ, ഉദ്യോഗസ്ഥർ, സാമൂഹിക രാഷ്ട്രീയ സാമുദായിക പ്രവർത്തകർ, റസിഡന്റ്‌സ് അസോസിയേഷനുകൾ, ക്ളബ്ബുകൾ, എൻ.സി.സി കേഡറ്റുകൾ, ഹരിതകർമസേന അംഗങ്ങൾ തുടങ്ങിയവർ അണിനിരക്കുന്ന പഞ്ചായത്ത്‌ പ്രസിഡന്റ് പുഷ്പ വിജയൻ ഉദ്ഘാടനം ചെയ്യും.