തൊടുപുഴ: നൂറുകണക്കിന് വിദ്യാർത്ഥികൾ പഠിക്കുന്ന എസ്.എൻ.ഡി.പി യോഗം തൊടുപുഴ യൂണിയന്റെ കീഴിലുള്ള വെങ്ങല്ലൂർ ഗുരു ഐ.ടി.ഐയ്ക്ക് മുമ്പിൽ ബസ് സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യം ശക്തമാകുന്നു. നിലവിൽ വെങ്ങല്ലൂർ ഐ.ടി.ഐയ്ക്ക് മുമ്പ് പള്ളി പീടികയിലും അതുകഴിഞ്ഞ് ഇടയ്ക്കാട്ടുകയറ്റത്തും മാത്രമാണ് ബസ് സ്റ്റോപ്പുള്ളത്. അതിനാൽ വളരെ ദൂരം നടന്നുവേണം വിദ്യാർത്ഥികൾക്ക് ഗുരു ഐ.ടി.ഐയിലെത്താൻ. ചെറായിക്കൽ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെത്തുന്ന ഭക്തർക്കും ഇത് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ഇവിടെ സീബ്രാലൈൻ ഇല്ലാത്തതും അപകടഭീഷണിയുയർത്തുന്നുണ്ട്. വിദ്യാർത്ഥികളടക്കം റോഡ് മുറിച്ചുകടക്കാൻ വളരെയേറെ കഷ്ടപ്പെടുന്നുണ്ട്. കഴിഞ്ഞ ദിവസം റോഡ് മുറിച്ചുകടക്കുന്നതിനിടെ ഒരു കുട്ടിയെ ചെറുതായി വണ്ടി തട്ടിയ സംഭവമുണ്ടായി. ഭാഗ്യം കൊണ്ടാണ് വലിയ അപകടമുണ്ടാകാത്തത്.
പരാതി നൽകും: വി. ജയേഷ്
ഐ.ടി.ഐയ്ക്ക് മുമ്പിൽ ബസ് സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എസ്.എൻ.ഡി.പി യോഗം തൊടുപുഴ യൂണിയൻ വിദ്യാർത്ഥികളെയും സമീപവാസികളെയും ഉൾപ്പെടുത്തി ആർ.ടി.ഒ, ജോയിന്റ് ആർ.ടി.ഒ, ഡിവൈ.എസ്.പി എന്നിവർക്ക് രേഖാമൂലം പരാതി നൽകുമെന്ന് യൂണിയൻ കൺവീനർ വി. ജയേഷ് അറിയിച്ചു. പരാതി നൽകിയിട്ടും അധികാരികളുടെ ഭാഗത്ത് നിന്ന് അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ ശക്തമായ മറ്റു മാർഗങ്ങളിലേക്ക് പോകേണ്ടി വരുമെന്ന് ഐ.ടിഐയിൽ വിളിച്ചു ചേർത്ത യോഗത്തിൽ യൂണിയൻ വൈസ് ചെയർമാൻ ഡോ. കെ. സോമൻ, കൺവീനർ വി. ജയേഷ് എന്നിവർ അധികാരികൾക്ക് മുന്നറിയിപ്പ് നൽകി.