അംഗപരിമിത വിഭാഗത്തിൽ 2017ൽ മികച്ച ജീവനക്കാരനുള്ള ദേശീയ അവാർഡ് രാഷ്ട്രപതിയിൽ നിന്ന് ഏറ്റുവാങ്ങിയ ബിജുമോൻ സ്വന്തം പരിമിതികൾക്കുള്ളിലും അന്യർക്ക് വേണ്ടി ജീവിതം മാറ്റിവച്ച വ്യക്തിയാണ്. 2000ലധികം ക്യാൻസർ രോഗികൾക്ക് ബിജുമോന്റെ കാരുണ്യം കൈത്താങ്ങായി മാറി. മറ്റൊരാളെ സഹായിക്കാനും സാന്ത്വനം പകരാനും പണമല്ല ആവശ്യം മനസാണ്. അസാദ്ധ്യമെന്ന് തോന്നുന്ന പലതും ഹൃദയത്തിൽ നന്മ നിറഞ്ഞ ബിജുമോനെ പോലുള്ളവർക്ക് സാധിക്കും. ആലപ്പുഴയിലെ ഹരിപ്പാട് നിന്ന് മൂലമറ്റത്ത് പവർ ഹൗസ് നിർമ്മാണ ജോലിക്കായി കുടിയേറിയ കുടുംബത്തിലെ അംഗമാണ്. സംഭവ ബഹുലവും മാതൃകാപരവുമായ ജീവിത കഥയാണ് അദേഹത്തിന്റേത്.

കാഴ്ചമങ്ങിയ ബാല്യം

ബിജുമോന് പറയാനുള്ളത് തന്നെക്കുറിച്ചുള്ള ദുരിതം നിറഞ്ഞ കാലത്തെക്കുറിച്ചാണ്.'ഇതുവരെ കേട്ട് ശീലിച്ച കഥകളേക്കാൾ സങ്കീർണ്ണമാണ് എന്റെ ജീവിതം. ദുരിതങ്ങളുടെ ഘോഷയാത്ര എന്ന് പറയാം. വിശപ്പായിരുന്നു ബാല്യത്തിലെ എറ്റവും വലിയ ദുഃഖം. ഞാനും പെങ്ങമ്മാരും സ്കൂളിൽ പോകാൻ ഉത്സാഹിച്ചിരുന്നത് തന്നെ അവിടന്ന് കിട്ടുന്ന ഉപ്പുമാവിനും കഞ്ഞിക്കും പയറിനും വേണ്ടിയാണ്. ആരെങ്കിലും ഇട്ട് പഴകിയതല്ലാതെ സ്വന്തമായി വസ്ത്രത്തിന് കുഞ്ഞുനാളിൽ കൊതിച്ചിട്ടുണ്ട്. സ്കൂളിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തിയപ്പോഴാണ് അറിയുന്നത് എന്റെ വലത് കണ്ണിന് കാഴ്ചയില്ലെന്ന്. അന്ന് ചികിത്സയിലൂടെ മാറ്റാമായിരുന്നെങ്കിലും സാമ്പത്തിക പരാധീനതകൊണ്ട് സാധിച്ചില്ല. ഇലപ്പിള്ളി ദേവാലയത്തിന്റെ നിർമ്മാണത്തിനിടെ പാറപൊട്ടിക്കുമ്പോൾ വെടിമരുന്ന് അപകടത്തിൽ അച്ഛന് സാരമായി പൊള്ളലേറ്റു. അമ്മ കൂലിപ്പണി ചെയ്ത് കിട്ടുന്നതുകൊണ്ട് രണ്ടറ്റം കൂട്ടിമുട്ടിക്കാൻ കഴിയാതെ വന്നു. പത്താം ക്ളാസ് പൂർത്തിയാക്കാനാകാതെ ഞാൻ ഹോട്ടലിൽ പാത്രം കഴുകിയും സൈക്കിൾ വർക്ക്ഷോപ്പിൽ ജോലി ചെയ്തും പണം കണ്ടെത്തി. ചെറുപ്രായത്തിൽ തന്നെ മൂന്ന് സഹോദരിമാരും അമ്മയുമടങ്ങുന്ന കുടുംബം എന്റെ മാത്രം ഉത്തരവാദിത്വമായി. മൂത്ത് രണ്ട് പേരെയും കഷ്ടപ്പെട്ട് വിവാഹം കഴിപ്പിച്ചയച്ചു. 2012 ൽ അച്ഛൻ മരിച്ചു. റവന്യൂ വകുപ്പിലെ പ്യൂൺ തസ്തികയിൽ എനിക്ക് നിയമനം ലഭിച്ചതോടെ യാതനകൾക്ക് തെല്ലൊരു ആശ്വാസമായി. അംഗപരിമിത ക്വേട്ടയിൽ നിയമനത്ഇതിനായി ഇടുക്കി കളക്ടർ നടത്തിയ പരീക്ഷ വിജയിച്ചാണ് ഓഫീസ് അറ്റന്ററായി 2004 ൽ ജോലിയിൽ പ്രവേശിച്ചത്.

തൊഴിൽ എനിക്ക് ദൈവം

കഷ്ടപ്പെട്ടും ആഗ്രഹിച്ചും ലഭിച്ച തൊഴിലിനോടെനിക്ക് ആത്മാർത്ഥമായ സ്നേഹമാണ്. സർക്കാർ സ്ഥാപനങ്ങളിൽ നിസാര കാര്യങ്ങൾക്ക് പോലും ഒരുപാട് തവണ നടക്കേണ്ടിവരുന്നതായി കണ്ടതോടെ നമ്മുടെ ഭാഗത്തെ വീഴ്ചകൊണ്ട് ഒരാളുടെ സമയം നഷ്ടമാകരുതെന്ന് മനസിൽ കുറിച്ചിരുന്നു. ഉദ്ദേശിച്ച സമയത്ത് ഒരു കാര്യം സാധിക്കാതെ വരുമ്പോൾ ഉണ്ടാകുന്ന ക്ളേശങ്ങൾ അറിയാവുന്നതുകൊണ്ട് എന്റെ ജോലിയുടെ ഭാഗമല്ലാത്ത സഹായങ്ങളും ആളുകൾക്ക് ചെയ്തുകൊടുക്കാൻ തുടങ്ങി. കാരുണ്യ പ്രവർത്തനങ്ങളിൽ പങ്കാളിയാകാൻ എക്കാലത്തും വലിയ ആഗ്രഹമുണ്ടായിരുന്നു. സ്വന്തം പ്രശ്നങ്ങൾ അവസാനിച്ചിട്ട് ഒരുകാലത്ത് സാദ്ധ്യമാകില്ലെന്ന് അറിയാവുന്നതുകൊണ്ട് കഴിയുന്ന വഴികളൊക്കെ ആലോചിച്ചു. അശരണരും നിത്യരോഗികളുമായവർക്ക് ചികിത്സാ സഹായങ്ങൾ എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ അങ്ങനെയാണ് ഏർപ്പെടുന്നത്. റവന്യൂ വകുപ്പിൽ സഹായം തേടുന്നവരിൽ ഏറിയ പങ്കും തീരെ പാവപ്പെട്ടവരാണ്. കാര്യവിവരങ്ങൾ അന്വേഷിക്കുമ്പോൾ രോഗിയായ കുടുംബാംഗങ്ങളുടെയും കടക്കെണിയുടെയും വഴിമുട്ടിയ ചികിത്സയുടെയും കഥകളായിരിക്കും കേൾക്കുന്നത്. സർക്കാരിന്റെ കാരുണ്യപദ്ധതി ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ എങ്ങനെ അപേക്ഷ സമർപ്പിക്കണമെന്നും ആരെ സമീപിക്കണമെന്നും അറിയാത്തവർക്ക് ഞാൻ നേരിട്ട് വേണ്ട സഹായങ്ങൾ ചെയ്തുകൊടുക്കുന്നു. ഇതിനോടകം രണ്ടായിരത്തിലധികം ക്യാൻസർ രോഗികൾക്കും ഹൃദ്രയാഹികൾക്കും എന്നിലൂടെ സഹായം ലഭ്യമായത് ഓർക്കുമ്പോൾ ജീവനതത്തിന് ഒരു അർത്ഥമുള്ളതായി തോന്നുന്നു. ഒരാവശ്യം വരുമ്പോൾ ബിജുമോന്റെ മുഖമാണ് മനസിൽ ഓടിയെത്തുന്നതെന്ന് പലരും പറയുമ്പോൾ അതാണ് എനിക്ക് കിട്ടുന്നതിൽ ഏറ്റവും വലിയ അവാർഡ്. കുവൈറ്റ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വാന്തനം ചാരിറ്റബിൾ ട്രസ്റ്റിന്റെ സഹായത്തോടെയും ആയിരക്കണക്കിന് ആളുകൾക്ക് ചികിത്സാ സഹായം എത്തിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇതൊക്കെയാണ് എന്റെ സന്തോഷം. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ പ്രകടിപ്പിച്ച മികവിന് രണ്ട് തവണ ജില്ലാ കളക്ടർ ഗുഡ് സർവ്വീസ് നൽകിയിരുന്നു. ശബരിമല,​ പുല്ലുമേട് ദുരന്തം,​ തേക്കടി ബോട്ട് അപകടം എന്നി സന്ദർഭങ്ങളിൽ മുന്നിൽ നിന്ന് പ്രവർത്തിച്ചതിന് ജില്ലാ കളക്ടറുടെ ഗുഡ് സർവീസ് റെക്കോട് എന്നെ തേടി എത്തിയിട്ടുണ്ട്. 2012 ൽ ഭിന്നശേഷി ഉള്ള ജീവനക്കാരുടെ വിഭാഗത്തിൽ നിന്നും സംസ്ഥാന അവാർഡും ലഭിച്ചു. അംഗപരിമിതർക്കായുള്ള സംസ്ഥാനസർക്കാരിന്റെ ജീവചരിത്രം വിഭാഗത്തിലെ സാഹിത്യ പുരസ്കാരം നേടാൻ കഴിഞ്ഞത്,​ അംഗപരിമിത വിഭാഗത്തിൽ 2017 ലെ മികച്ച ജീവനക്കാരനുള്ള ദേശീയ അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്".രാഷ്ട്രപതിയിൽ നിന്ന് കഴിഞ്ഞ ഡിസംബർ 3 ന് ഡൽഹി വിജ്ഞാൻ ഭവനിൽ വച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദിൽ നിന്നും ബിജുമോൻ അവാർഡ് ഏറ്റുവാങ്ങി. ഭാര്യ ഗിരിജ. മക്കൾ : ആദിത്യൻ,​ അഭിരാമി.