കുഞ്ചിത്തണ്ണി: പട്ടാപ്പകൽ ടൗണിൽ പാർക്ക് ചെയ്തിരുന്ന ബൊലീറോ ജീപ്പ് തട്ടികൊണ്ടുപോകാൻ ശ്രമം. ജീപ്പ് തട്ടിക്കൊണ്ടുപോകാനുള്ള ശ്രമത്തിനിടയിൽ നിർത്തിയിട്ടിരുന്ന രണ്ടു ബൈക്കിലും ഓടിവന്ന ജീപ്പിലും ഇടിച്ചു. ഇന്നലെ വൈകിട്ട് അഞ്ചിന് ടൗണിൽ മോഡേൺ ബേക്കറിയുടെ മുമ്പിൽ ബേക്കറിയുടമ മണലേൽ വിജയന്റെ ബൊലീറോ ജീപ്പാണ് തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്. പഴയമൂന്നാർ സ്വദേശിയും തോക്കുപാറ ഭാഗത്ത് വെൽഡിംഗ് പണികൾ ചെയ്തുവരുന്ന മുരുക(45) നെ സംഭവത്തിൽ പൊലീസ് പിടികൂടി. ജീപ്പ് തിരിക്കുന്നതിനിടയിൽ സൈഡിൽ വച്ചിരുന്ന ബൈക്ക് ഇടിച്ചുതെറുപ്പിച്ചു. തുടർന്ന് അമിത വേഗതയിൽ പോയി അനീഷ് കുഴിക്കാട്ടിൽ എന്നയാളിന്റെ ബൈക്കിലിടിച്ചശേഷം കുരിശുപള്ളിയുടെ മുമ്പിൽ നെടുങ്കണ്ടം സ്വദേശി തച്ചേടത്ത്പറമ്പിൽ ജോൺസന്റെ ജീപ്പിലിടിച്ച് നിന്നു. ഇവിടെ ഇടിച്ച് നിന്നില്ലായിരുന്നെങ്കിൽ വൻ ദുരന്തമുണ്ടാകുമായിരുന്നു. ജീപ്പിലുണ്ടായിരുന്ന ജോൺസൺ, ലൗലി എന്നിവർക്ക് സാരമായ പരുക്കേറ്റു. രാവിലെ ഇയാൾ മദ്യപിച്ച് ടൗണിൽ ഉണ്ടായിരുന്നതായി പലരും പറയുന്നു. വെള്ളത്തുവൽ പൊലീസ് സ്ഥലത്തെത്തി പ്രതിയെ കസറ്റ്ഡിയിലടുത്തു.