തൊടുപുഴ: പൗരത്വ നിയമ ഭേദഗതിക്കെതിരെ താലൂക്ക് ഇമാം കൗൺസിലിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പൊതുസമ്മേളനവും ഇന്ന് തൊടുപുഴയിൽ നടക്കുമെന്ന് ചെയർമാൻ ഹാഫിസ് നൗഫൽ കൗസരി വാർത്താസമ്മേളനത്തിൽ അറിയിച്ചു. വൈകിട്ട് 4.30ന് മങ്ങാട്ടുകവലയിൽ നിന്ന് ഗാന്ധി സ്‌ക്വയറിലേക്ക് പതിനായിരങ്ങൾ പങ്കെടുക്കുന്ന പ്രകടനം നടക്കും. തുടർന്ന് പഴയ ബസ് സ്റ്റാന്റ് മൈതാനിയിൽ നടക്കുന്ന പൊതുസമ്മേളനം പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. 'സേവ് മൈ ഇന്ത്യ, സേവ് മൈ കോൺസ്റ്റിറ്റ്യൂഷൻ' എന്ന പ്രമേയം കേരള ദലിത് കാന്തം സ്ഥാപകനും നാഷണൽ അലയൻസ് ഒാഫ് ദലിത് ഫെഡറേഷൻ വക്താവുമായ കെ. അംബുജാക്ഷൻ അവതരിപ്പിക്കും. അഡ്വ. ഹനീഫ് ഹുദവി കാസർകോട് മുഖ്യപ്രഭാഷണം നടത്തും. വാർത്താ സമ്മേളനത്തിൽ ഇമാം കൗൺസിൽ വൈസ് ചെയർമാന്മാരായ ഇംദാദുള്ള നദ്‌വി, ഇസ്മായിൽ മൗലവി പാലമല, ജോ. കൺവീനർ അബ്ദുറഷീദ് കൗസരി, എക്‌സി. അംഗം മുഹമ്മദ് ഹനീഫ് കാശിഫി എന്നിവർ പങ്കെടുത്തു.