traffic-block

തൊടുപുഴ: തുടർച്ചയായ രണ്ടാം ദിനവും കുരുക്കിൽപ്പെട്ട് തൊടുപുഴ നഗരം. ടൈൽ പാകുന്നതിനായി നഗസഭാ എൻജിനിയറിംഗ് വിഭാഗം അമ്പലം റോഡിലൂടെയുള്ള ഗതാഗതം നിരോധിച്ചതാണ് കുരുക്ക് ഇരട്ടിയാക്കിയത്. ഗാന്ധിസ്ക്വയർ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ അമ്പലം ബൈപ്പാസിൽ നിന്ന് റസ്റ്റ്‌ഹൗസ്, പ്രസ്ക്ലബ്, കാഞ്ഞിരമറ്റം ബൈപ്പാസ്, മാർക്കറ്റ് റോഡ് എന്നിവിടങ്ങളിലേക്ക് പോകുന്ന പ്രധാന വൺവേയാണിത്. ഈ റോഡ് അടച്ചതോടെയാണ് ഗതാഗതകുരുക്ക് രൂക്ഷമായത്. വെങ്ങല്ലൂർ ഷാപ്പുപടി മുതൽ ഗാന്ധിസ്ക്വയർ വരെ വാഹനങ്ങളുടെ നീണ്ട നിര ദൃശ്യമായിരുന്നു. ക്രിസ്മസ് തിരക്കും നഗരത്തിലെ ഗതാഗത കുരുക്ക് കൂട്ടാൻ ഇടയാക്കി. കൂടാതെ പാതയോരങ്ങളിലെ അനധികൃത വാഹന പാർക്കിംഗും ഗതാഗത തടസത്തിനിടയാക്കി. യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് നഗരത്തിലെ പ്രധാന ഇടറോഡ് അടച്ച് അറ്റകുറ്റപ്പണി നടത്തിയതെന്ന് ആരോപണമുണ്ട്. നേരത്തെ പ്ലാൻ ചെയ്ത് വാഹനങ്ങൾ ബൈപ്പാസുകൾ വഴി തിരിച്ചുവിട്ടിരുന്നെങ്കിൽ നഗരത്തിൽ ഒരു പരിധി വരെ കുരുക്ക് കുറയ്ക്കാനാകുമായിരുന്നു. ആദ്യദിനം ജനം വല്ലാതെ വലഞ്ഞെങ്കിലും ഇന്നലെ കൂടുതൽ പൊലീസുകാർ ഗതാഗതം നിയന്ത്രിച്ചത് കുരുക്ക് കുറയ്ക്കാൻ സഹായിച്ചു.

രണ്ടുദിവസമായി അനധികൃതമായി പാർക്ക് ചെയ്ത വാഹന ഉടമകൾക്ക് പൊലീസ് ഉദ്യോഗസ്ഥർ ഫൈൻ ഈടാക്കുന്നുണ്ട്.

നാല് ദിവസം കൂടി കുരങ്ങും

''800 മീറ്ററോളം വരുന്ന അമ്പലം റോഡിൽ സ്ഥിരമായി വെള്ളംകയറി ടാർ പൊളിയുന്ന 35 മീറ്റർ മാത്രമാണ് ടൈൽ പാകുന്നത്. ഇന്ന് ടൈൽ പാകി അരികുകൾ കോൺക്രീറ്റ് ചെയ്തത് സെറ്റാകുന്നതിന് വേണ്ടി രണ്ട് ദിവസം കൂടി ഗതാഗതത്തിന് നിരോധനം ഉണ്ടാകും. ഇതിന് ശേഷം പോസ്റ്റ്ഓഫീസിന് മുന്നിലൂടെയുള്ള റോഡിലും ടൈൽ പാകും"

- സുധീപ് (എ.ഇ, തൊടുപുഴ നഗരസഭ)