കട്ടപ്പന: എട്ടുമാസമായി കുടിവെള്ളം മുടങ്ങിയതോടെ വെങ്ങാലൂർക്കടയിലെ പന്ത്രണ്ടിലേറെ കുടുംബങ്ങൾ കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു. സമരം നടത്തിയിട്ടും പ്രശ്‌ന പരിഹരിക്കാൻ അധികൃതരോ വാർഡ് മെമ്പറോ ഇടപെട്ടില്ലെന്നാണ് ഇവരുടെ ആക്ഷേപം. ആറുവർഷത്തിലധികമായി ഇവർ ഉപയോഗിച്ചുവന്ന കുഴൽക്കിണറും അനുബന്ധ സാമഗ്രികളും മാസങ്ങളായി ഉപയോഗരഹിതമാണ്. മോട്ടോർ നന്നാക്കുന്നതിനായി ഇതിനോടകം ഒരുലക്ഷം രൂപയോളം ഉപഭോക്താക്കൾ ചെലവഴിച്ചിട്ടുണ്ട്. കുടിവെള്ളം മുടങ്ങിയതോടെ ഭരണസമിതിക്കും വാർഡ് മെമ്പർക്കും നിരവധിതവണ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്നാണ് ആക്ഷേപം. ഇന്നലെ രാവിലെ പരാതിക്കു രേഖാമൂലം മറുപടി ആവശ്യപ്പൈട്ടങ്കിലും സെക്രട്ടറി തയാറായില്ല. മഴവെള്ള സംഭരണി നിർമിക്കാനായിരുന്നു സെക്രട്ടറി നിർദേശിച്ചത്. കുടിവെള്ളമില്ലാതായതോടെ കുടുംബങ്ങൾ നട്ടംതിരിയുകയാണ്.