കട്ടപ്പന: മെച്ചപ്പെട്ട ജീവിതം സ്വപ്‌നം കണ്ട് സ്വന്തമായതെല്ലാം വിറ്റും പണയും വച്ചിട്ടും തികയാതെ കടം വാങ്ങിയുമാണ് 66 പേരും കടലുകടന്നത്. ഒടുവിൽ അന്താരാഷ്ട്ര വിസ തട്ടിപ്പുസംഘത്തിന്റെ കെണിയിൽപ്പെട്ട് പണമെല്ലാം നഷ്ടമായതോടെ ഇവരുടെ കുടുംബം ആത്മഹത്യയുടെ വക്കിലാണ്. വസ്തു പണയപ്പെടുത്തിയവർ തിരിച്ചടവ് മുടങ്ങി ജപ്തി ഭീഷണിയിലും. പലിശക്കാരെ ഭയന്ന് നാടുവിട്ടവരും നിരവധിയാണ്. തട്ടിപ്പുസംഘത്തിലെ പ്രധാനകണ്ണിയായ കട്ടപ്പന വള്ളക്കടവ് കണ്ടത്തിൽ അന്നമ്മ ജോർജ് (സിനി- 36) ജോലി വാഗ്ദാനം ചെയ്ത് രണ്ടുവർഷം മുമ്പാണ് ആളുകളിൽ നിന്ന് പണം വാങ്ങി തുടങ്ങിയത്. ഇതിനായി ഉദ്യോഗാർഥികളുടെ മാതാപിതാക്കളെ വേഗത്തിൽ പാട്ടിലാക്കാൻ അന്നമ്മയ്ക്ക് കഴിഞ്ഞു. സെപ്തംബർ 15നാണ് കാനഡയിലെ പെട്രോ കാനഡ എന്ന കമ്പനിയിൽ ജോലി വാഗ്ദാനം ചെയ്ത് ഇവർ ഉദ്യോഗാർഥികളെ ബന്ധപ്പെട്ടത്. ഒരാഴ്ചയ്ക്കുള്ളിൽ ഖത്തറിലേക്കു പോകണമെന്നും അടിയന്തിരമായി പണം നൽകണമെന്നും ആവശ്യപ്പെട്ടു. ഇതനുസരിച്ച് പണമുണ്ടാക്കാനുള്ള നെട്ടോട്ടത്തിലായിരുന്നു പലരും. മക്കളുടെ മെച്ചപ്പെട്ട ഭാവിയോർത്ത് പലരും കാലതാമസം വരുത്താതെ കടം വാങ്ങിയും വസ്തു പണയപ്പെടുത്തിയും പലിശക്കെടുത്തും പണം നൽകി. കൊള്ളപ്പലിശയ്ക്ക് വരെ പണം കടം വാങ്ങി അന്നമ്മക്ക് നൽകിയവരുമുണ്ട്. ഒരു കുടുംബത്തിൽ നിന്ന് മൂന്നുപേർ വരെ സംഘത്തിലുണ്ടായിരുന്നു. പലരെയും അന്നമ്മ നിർബന്ധിപ്പിച്ച് പണം പലിശയ്ക്ക് എടുപ്പിക്കുകയായിരുന്നു. വിവിധ കമ്പനികളിൽ മികച്ച ശമ്പളമുണ്ടായിരുന്ന ജോലികൾ പോലും പലരും രാജിവച്ചു. ഒടുവിൽ തട്ടിപ്പിനിരയായി നാട്ടിലേക്കു തിരിച്ചെത്തിയ പലർക്കും ഇതുവരെ വീടിന് പുറത്തിറങ്ങാനായിട്ടില്ല. നാലുപേരെ സ്വന്തം ചുമതലയിൽ ഖത്തറിലെത്തിച്ച കോട്ടയം ജില്ലയിൽ താമസിക്കുന്ന ഗൃഹനാഥൻ ഇപ്പോഴും മറ്റൊരു സ്ഥലത്ത് ഒളിച്ചുതാമസിക്കുകയാണ്. പലിശക്കാരെ ഭയന്ന് നാടുവിട്ടവരും ഏറെയാണ്. നിരവധി പേരുടെ ബാങ്ക് വായ്പ കുടിശികയായി ജപ്തിയുടെ വക്കിലുമാണ്.