കുമളി: ചക്കുപള്ളം ശ്രീനാരായണ ധർമ്മാശ്രമത്തിൽ നിന്നുള്ള കിഴക്കൻമേഖല ശിവഗിരി തീർത്ഥാടന പദയാത്രയുടെ ഭാഗമായി നാളെ ) കട്ടപ്പന ഗുരുദേവകീർത്തിസ്തംബത്തിൽ ഗുരുദേവചൈതന്യ രഥപൂജ നടക്കും. ഗുരുദേവ പ്രതിമ വഹിച്ചുകൊണ്ട് പദയാത്രയെ അനുഗമിക്കുന്ന രഥമാണ് കീർത്തിസ്തംഭത്തിൽ പൂജിക്കുന്നത്. നാളെ വൈകിട്ട് 4ന് വിശേഷാൽ ഗുരുപൂജ, സമൂഹപ്രാർത്ഥന എന്നിവയ്ക്കുശേഷം രഥത്തിൽ ദീപാർപ്പണം നടത്തും. തുടർന്ന് എസ്.എൻ.ഡി.പി യോഗം മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ തീർത്ഥാടനസന്ദേശം നൽകും. യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമൻ, വൈസ് പ്രസിഡന്റ് വിധു എം. സോമൻ, ഇൻസ്‌പെക്ടിംഗ് ഓഫീസർ പി.ആർ. മുരളീധരൻ, ഡയറക്ടർ ബോർഡ് മെമ്പർ ഷാജി പുള്ളോലിൽ, വൈദീകസമിതി ചെയർമാൻ കെ.എസ്. സുരേഷ് ശാന്തി എന്നിവർ പ്രസംഗിക്കും. തുടർന്ന് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ രഥം ചക്കുപള്ളം ആശ്രമത്തിലേക്ക് ആനയിക്കും. 22ന് രാവിലെ വിശേഷാൽ പൂജകൾക്ക് ശേഷം 9ന് പദയാത്ര പുറപ്പെടും.