theft
ചുങ്കം സെന്റ് മേരീസ് പള്ളിയുടെ ഭണ്ഡാരക്കുറ്റി മോഷ്ടാക്കൾ തകർത്ത നിലയിൽ

തൊടുപുഴ: ഒരിടവേളയ്ക്ക് ശേഷം തൊടുപുഴയെ ഞെട്ടിച്ച് വീണ്ടും മോഷണ പരമ്പര. നഗരത്തിനടുത്ത് തെനംകുന്ന് സെന്റ് മൈക്കിൾസ് പള്ളി, ചുങ്കം സെന്റ് മേരീസ് പള്ളി, സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്‌കൂൾ എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. ഇന്നലെ പുലർച്ചെയോടെ മൂന്നിടത്തും ഒരാൾ തന്നെയാണ് മോഷണം നടത്തിയതെന്നാണ് സൂചന. തെനംകുന്ന് പള്ളിയുടെ മുമ്പിൽ സ്ഥാപിച്ചിരിക്കുന്ന ഭണ്ഡാരകുറ്റി കുത്തി തുറന്ന നിലയാണ്. രാവിലെ പള്ളി കാര്യങ്ങൾ നോക്കി നടത്തുന്നയാൾ എത്തിയപ്പോഴാണ് മോഷണ വിവരം പുറത്തറിയുന്നത്. എത്ര രൂപ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് തിട്ടപ്പെടുത്തിയിട്ടില്ല. പള്ളിയിൽ സി.സി.ടി.വി ക്യാമറകൾ സ്ഥാപിച്ചിരുന്നെങ്കിലും പ്രവർത്തന രഹിതമായിരുന്നു. തൊട്ടടുത്തുള്ള സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്‌കൂളിലും മോഷണശ്രമം നടന്നിട്ടുണ്ട്. സ്‌കൂളിലെത്തിയ മോഷ്ടാക്കൾ പ്രധാനവാതിലിന്റെ പൂട്ട് തകർത്താണ് അകത്തു കയറിയത്. പ്രധാനാദ്ധ്യാപികയുടെ ഓഫീസിന്റെ പൂട്ട് പൊളിച്ച് അകത്തു കടന്ന മോഷ്ടാവ് അലമാരയും മേശയും കുത്തിത്തുറന്ന് പരിശോധിച്ചു. അലമാരയ്ക്കുള്ളിലുണ്ടായിരുന്ന സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലായിരുന്നു. അടുത്തുള്ള സ്റ്റാഫ് റൂമിന്റെ വാതിലും കുത്തിത്തുറന്ന നിലയിലാണ്. അലമാര കുത്തിത്തുറന്ന് മോഷ്ടാക്കൾ പരിശോധിച്ചെങ്കിലും ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന നിഗമനത്തിലാണ് അധികൃതർ. ചുങ്കം സെന്റ് മേരീസ് പള്ളിയിലെ മുൻവശത്ത് സ്ഥാപിച്ചിരിക്കുന്ന രൂപക്കൂടിനോട് ചേർന്നുള്ള ഭണ്ഡാരക്കുറ്റി കുത്തി തുറന്നാണ് മോഷണം നടന്നിരിക്കുന്നത്. ആയിരം രൂപയോളം നഷ്ടപ്പെട്ടതായി സൂചനയുണ്ടെന്ന് അധികൃതർ അറിയിച്ചു. ഇവിടെ സ്ഥാപിച്ചിരിക്കുന്ന സി.സി.ടി.വിയിൽ മോഷ്ടാവെന്ന് കരുതുന്നയാളുടെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. തലയിൽ തുണിയിട്ട് മുഖം മറച്ച് ഒരാൾ നടന്നു നീങ്ങുന്നതായണ് ദൃശ്യത്തിൽ പതിഞ്ഞിരിക്കുന്നത്. സി.ഐ സജീവ് ചെറിയാൻ, എസ്.ഐ എം.പി. സാഗർ എന്നിവരുടെ നേതൃത്വത്തിലുള്ളപൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.

മോഷണം നിത്യസംഭവം

സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിൽ മാസങ്ങൾക്കിടെ തുടർച്ചയായി നാലാം തവണയാണ് മോഷണ ശ്രമം നടക്കുന്നത്. സ്‌കൂളിൽ സി.സി ടി.വി കാമറ ഉണ്ടായിരുന്നില്ല. തെനംകുന്ന് പള്ളിയിൽ ഒരു വർഷത്തിനിടെ പള്ളിയിൽ നടക്കുന്ന നാലാമത്തെ കവർച്ചയാണിത്. നിത്യേനയെന്നവണ്ണം മോഷണം പെരുകിയിട്ടും ഈ ഭാഗത്ത് പൊലീസ് പട്രോളിംഗ് ശക്തമാക്കാത്തതാണ് പ്റശ്നങ്ങൾക്ക് കാരണമെന്നാണ് ആക്ഷേപം. തൊടുപുഴയിലും പരിസരപ്രദേശങ്ങളിലും മോഷണം പതിവായിട്ടും ഒരു കേസിലും പ്രതികളെ പിടികൂടാനാകാത്തതിലും പൊതുജനങ്ങളിൽ ശക്തമായ അമർഷമുണ്ട്.