മറയൂർ: ഓശാന ഞായറിൽ വിശ്വാസികൾക്ക് കൈയ്യിലേന്താൻ ഒലിവ് മരത്തിന്റെ ചില്ലകൾ തന്നെ സമ്മാനിച്ച കാന്തല്ലൂർ ജോർജ്ജ് ജോസഫിന്റെ തോട്ടത്തിൽ ക്രിസ്മസിന്റെ വരവറിയിച്ച് ദൈവിക പരിവേഷത്തിൽ പൗരാണിക ക്രിസ്മസ് മരം പൂവിട്ടു. കാന്തല്ലൂരിൽ ആപ്പിളും മറ്റ് നിരവധി വൈവിധ്യങ്ങളായ പഴവർഗ്ഗങ്ങളും ജൈവകൃഷിചെയ്യുന്ന കാന്തല്ലൂർ സേക്രട്ട് ഹാർട്ട് ഹൈസ്‌കൂളിലെ കായിക അദ്ധ്യാപകനായ ജോർജ്ജ് ജോസഫിന് സഹോദരൻ ജറുസലേമിൽ നിന്നും എത്തിച്ച് ദൈവികതയോടെ പരിപാലിച്ച് വന്ന ക്രിസ്മസ് മരമാണ് കാന്തല്ലൂരിൽ പൂവിട്ടിരിക്കുന്നത്. സ്തൂപികാഗ്രത്തോട് കൂടി വളരുന്ന എവർഗ്രീൻ മരങ്ങളാണ് മിക്കയിടങ്ങളിലും ക്രിസ്മസ് മരമായി അറിയപ്പെടുന്നത്. എന്നാൽ ചരിത്രത്തിലെവിടെയും ഉണ്ണീശോയുടെ ജനനവുമായി ബന്ധപ്പെട്ട് ക്രിസ്മസ് മരത്തെ പറ്റി പരാമർശിക്കപ്പെടുന്നില്ല. എന്നാൽ നസ്രത്തിൽ നിന്നും ജോസഫ് പൂർണ്ണ ഗർഭിണിയായ മേരിയേയും കൂട്ടി തന്റെ പൂർവിക ദേശമായ ബദ്ലഹേമിലേക്ക് പുറപ്പെട്ട് യാത്രയുടെ ഇടവേളയിൽ ജറുസലേമിൽ വച്ച് പേറ്റ് നോവ് അനുഭവപ്പെട്ട് തുടങ്ങിയ മേരിക്കായി സമീപത്തെങ്ങും ഒരു സത്രം പോലും കിട്ടാതായതിനെ തുടർന്ന് അവിടെയടുത്ത് കണ്ട ഒരു പുൽതൊട്ടിലിൽ ക്രിസ്തുവിന് ജൻമം നൽകുകയായിരുന്നു. ഉണ്ണീശോയുടെ പിറവി എല്ലാ സസ്യലതാധികളിലും മാറ്റമുണ്ടാക്കിയെന്നും ഈ സമയം പുൽതൊട്ടിക്ക് സമീപത്തുള്ള ചെടിയിലെ തലയുയർത്തി നിന്നിരുന്ന ഇളംചുവപ്പ് നിറത്തിലുള്ള പൂങ്കുലകൾ അന്ന് മുതൽ ഭൂമിയിലേക്ക് തലകുനിച്ചു എന്നാണ് വിശ്വാസം. ഈ പൂവാണ് പിന്നീട് ജറുസലേമിൽ ക്രിസ്മസ് പൂവായി അറിയപെട്ടത്. വളരെക്കാലം ഈ മരത്തെ ജറുസലേമിലും മറ്റും ഇവ പൂവിടുന്ന സമയത്ത് ദീപങ്ങൾ തെളിയിച്ച് ആഘോഷിച്ചിരുന്നു. എന്നാൽ മറ്റ് രാജ്യങ്ങളിൽ സൗകര്യാർഥം സ്തൂപികാ ആകൃതിയിലുള്ള സൈപ്രസ് പൊലുള്ള മരങ്ങളാണ് ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമാകുന്നത്.