annamma

കട്ടപ്പന: അന്താരാഷ്ട്ര വിസ തട്ടിപ്പുകേസിലെ പ്രതിയായ കട്ടപ്പന സ്വദേശിനി അന്നമ്മ ജോർജിനെ പിടികൂടാതെ പൊലീസ് ഒളിച്ചുകളിക്കുന്നു. തട്ടിപ്പ് നടത്തിയതിന്റെ മുഴുവൻ തെളിവുകളും ഉണ്ടായിരുന്നിട്ടും കൈയിൽ കിട്ടിയ പ്രതിയെ വിട്ടുകളഞ്ഞ പൊലീസിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. അന്നമ്മ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ മുട്ടം കോടതി തള്ളിയിട്ടുണ്ട്. തട്ടിപ്പിനിരയായ രാജാക്കാട് സ്വദേശികൾ അടിമാലി കോടതിയിൽ നൽകിയ കേസിൽ രാജാക്കാട് പൊലീസിനോടു അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. കൂടാതെ സംസ്ഥാനത്തിന്റെ വിവിധ സ്‌റ്റേഷനുകളിൽ അന്നമ്മക്കെതിരെ കേസുകളുണ്ട്.
ഖത്തറിൽ നിന്നു നാട്ടിൽ തിരിച്ചെത്തിയ കട്ടപ്പന മേഖലയിലുള്ളവർ പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നവംബർ 26 നാണ് അന്നമ്മയെ കട്ടപ്പന സ്‌റ്റേഷനിലേക്കു വിളിച്ചുവരുത്തിയത്. തട്ടിപ്പിനിരയായ ഭൂരിഭാഗം പേരും അവരുടെ മാതാപിതാക്കളും സ്‌റ്റേഷനിലെത്തിയിരുന്നു. കട്ടപ്പന എസ്‌ഐയുടെ നേതൃത്വത്തിൽ സ്‌റ്റേഷനിൽ നടത്തിയ ചർച്ചയിൽ എക്സ്പ്രസ് വിസാസ് എന്ന അന്താരാഷ്ട്ര റിക്രൂട്ട്‌മെന്റ് ഏജൻസിയുടെ റിക്രൂട്ട്‌മെന്റ് മാനേജരായി അന്നമ്മയെ നിയമിച്ചതായുള്ള രേഖകൾ, ഉദ്യോഗാർഥികളുടെ പേരുകളിൽ തയാറാക്കിയ വ്യാജ വിസയുടെ പകർപ്പുകൾ അന്നമ്മയ്ക്ക് പണം നൽകിയതിന്റെ രേഖകൾ തുടങ്ങിയവ എസ്‌ഐയ്ക്കു മുമ്പിൽ ഹാജരാക്കിയിരുന്നു. എന്നാൽ ഉദ്യോഗാർഥികൾക്ക് പണം തിരികെ നൽകുന്നതിനെക്കുറിച്ച് വ്യക്തമായ മറുപടി നൽകാൻ അന്നമ്മ തയാറായില്ല. 23 പേർ നൽകിയ പരാതി നിലനിൽക്കെ അന്നമ്മയെ കസ്റ്റഡിയിലെടുക്കാനോ ചോദ്യം ചെയ്യാനോ പൊലീസ് തയാറാകാതെ വിട്ടയയ്ക്കുകയായിരുന്നു. പിന്നീട് തട്ടിപ്പിനിരയായവർ വിവിധ സ്‌റ്റേഷനുകളിൽ നൽകിയ പരാതികളിൽ കേസെടുത്തെങ്കിലും ഇവരെ പിടികൂടാൻ കഴിഞ്ഞില്ല. കഴിഞ്ഞ 10നാണ് അന്നമ്മയുടെ അഞ്ച് ഫോൺ നമ്പരുകളും സ്വിച്ച് ഓഫ് ആയത്. ഇതിനുമുമ്പേ മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി പിടികൂടാനുള്ള അവസരവും പോലീസ് നഷ്ടപ്പെടുത്തി.


തുടക്കം മുംബൈയിൽ നിന്ന്:

അന്താരാഷ്ട്ര വിസ തട്ടിപ്പുകേസിലെ പ്രതി അന്നമ്മ ജോർജിന്റെ റിക്രൂട്ട്‌മെന്റ് ഇടപാടുകൾ ആരംഭിക്കുന്നത് മുംബൈയിൽ നിന്ന്. ചെറുപ്പത്തിൽ തന്നെ മുംബൈയിലെത്തിയ അന്നമ്മ ഇവിടെയുള്ള ട്രാവൽ ഏജൻസിയിൽ ജോലി ചെയ്തുവരികയായിരുന്നു. ഇതിനിടെ ഗോവ സ്വദേശിയെ വിവാഹം കഴിച്ചു. ഈ ബന്ധത്തിൽ ഒരു പെൺകുട്ടിയുണ്ട്. പിന്നീട് ഇയാളുമായി വിവാഹബന്ധം വേർപെടുത്തിയശേഷം കേരളത്തിലേക്കു തിരികെ പോന്നു. ഇതിനുശേഷം അങ്കമാലി സ്വദേശിയെ വിവാഹം കഴിച്ചു. ഇയാൾ കാനഡയിലാണ് ജോലി ചെയ്യുന്നത്. നാട്ടിലെത്തിയ അന്നമ്മ വർഷങ്ങളോളം നെടുങ്കണ്ടത്ത് ട്രാവൽ ഏജൻസി നടത്തിയിരുന്നു. വാക്ചാതുര്യത്തിലൂടെ ആളുകളെ വലയിലാക്കാൻ ഇവർക്ക് കഴിഞ്ഞിരുന്നു. ഹിന്ദിയും ഒഴുക്കോടെ സംസാരിക്കാൻ വിദഗ്ധയായിരുന്നു. നെടുങ്കണ്ടത്തെ ട്രാവൽ ഏജൻസി പൂട്ടിയശേഷം രണ്ടുവർഷം മുമ്പ് കട്ടപ്പനയിൽ മകൾക്കൊപ്പം വാടകയ്ക്ക് താമസമാരംഭിച്ചു. തുടർന്നാണ് മുംബൈയിലുള്ള റിക്രൂട്ട്‌മെന്റ് ഏജൻസിയുടെ ഏജന്റായി പ്രവർത്തിച്ചുതുടങ്ങി. തുടർന്നാണ് കാനഡയിൽ ജോലി വാഗ്ദാനം ചെയ്ത് ആളുകളിൽ നിന്നു പണം വാങ്ങിത്തുടങ്ങിയത്. നാലുമാസത്തിനുശേഷം കാനഡയിൽ കൊണ്ടുപോകാമെന്നായിരുന്നു വാഗ്ദാനം. നിരവധിയാളുകളിൽ നിന്നു ഇത്തരത്തിൽ പണം വാങ്ങി. പിന്നീട് മാസങ്ങൾ നീണ്ടതോടെ പലരും പണം തിരികെ വാങ്ങി. തുടർന്ന് 2018 നവംബർ, ഡിസംബർ മാസങ്ങളിലായി ബാക്കിയുള്ള ഉദ്യോഗാർഥികളെ മുംബൈയിലെത്തിച്ച് ശാരീരിക പരിശോധന നടത്തി. ഇതിനുള്ള പണവും ഉദ്യോഗാർഥികളിൽ നിന്നാണ് വാങ്ങിയത്. പല ബാച്ചുകളിലായി നിരവധിയാളുകളെ മുംബൈയിലെത്തിച്ച് പരിശോധന നടത്തി. രണ്ടുമാസത്തിനുള്ളിൽ കാനഡയ്ക്ക് പോകാമെന്നു ശാരീരിക പരിശോധന വിജയിച്ചവരോട് അന്നമ്മ അറിയിച്ചിരുന്നെങ്കിലും വീണ്ടും കാലതാമസം നേരിട്ടതോടെ നിരവധി പേർ പിൻവാങ്ങി. അവശേഷിക്കുന്നവരോടെ ഓരോ മാസവും അവധി പറഞ്ഞ് നീട്ടിക്കൊണ്ടുപോകുകയായിരുന്നു. പിന്നീട് മുംബൈയിലുള്ള ഏജൻസി തന്നെ കബളിപ്പിച്ചതായി അന്നമ്മ ഉദ്യോഗാർഥികളെ അറിയിച്ചു. ഉദ്യോഗാർഥികളിൽ ചിലർ അന്നമ്മക്കെതിരെ പരാതി നൽകാനൊരുങ്ങിയപ്പോൾ വാങ്ങിയ പണം ഇവർ തിരികെ നൽകി. തുടർന്ന് കോട്ടയം സ്വദേശിയായ ഏജന്റ് മുഖേന ഉദ്യോഗാർഥികളെ ഓസ്‌ട്രേലിയയ്ക്ക് കയറ്റിവിടാനായി ശ്രമം തുടങ്ങി. ഓസ്‌ട്രേലിയയിൽ ജോലി വാഗ്ദാനം ചെയ്ത് മാസങ്ങൾ തള്ളി നീക്കി. ഒടുവിൽ കോട്ടയത്തെ ഏജന്റും തന്നെ കബളിപ്പിച്ചതായി അന്നമ്മ ഉദ്യോഗാർഥികളോട് പറഞ്ഞു. പിന്നീടാണ് എക്സ്പ്രസ് വിസാസ് എന്ന അന്താരാഷ്ട്ര കമ്പനിയുമായി അന്നമ്മ ബന്ധപ്പെടുന്നതും ഉദ്യോഗാർഥികളെ ഖത്തറിലേക്ക് കൊണ്ടുപോകുന്നതും.