തൊടുപുഴ: മറ്റുള്ളവരെ ആദരിക്കാനോ സ്നേഹിച്ച് കീഴടക്കാനോ കഴിയാതെ അക്രമിച്ച് കീഴ്പ്പെടുത്തുന്ന പ്രവണതയാണ് വളർന്ന് വരുന്നതെന്ന് പി.ജെ. ജോസഫ് എം.എൽ.എ പറഞ്ഞു. അറിവാണ് ശക്തി എന്ന ആപ്തവാക്യം ഉൾക്കൊണ്ട് മാനവസേവയെ മാധവസേവയാക്കുന്ന തലമുറ വളർന്ന് വരണമെന്ന് അദ്ദേഹം പറഞ്ഞു. മുതലക്കോടം സെന്റ് ജോർജ് ഹൈസ്‌കൂളിലെ പൂർവ വിദ്യാർത്ഥികളുടെ ഓർമ്മകുറിപ്പുകൾ ഉൾപ്പെടുത്തി കേരളകൗമുദി പ്രസിദ്ധീകരിച്ച 'എന്റെ വിദ്യാലയം' പ്രത്യേക പതിപ്പ് പുളിമൂട്ടിൽ സിൽക്‌സ് മാനേജിംഗ് ഡയറക്ടർ ഔസേപ്പ് ജോൺ പുളിമൂട്ടിലിന് നൽകി പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാർത്ഥികൾക്ക് പ്രചോദനം നൽകി അവരെ പതിൻമടങ്ങ് ശക്തിയും അറിവും ഉള്ളവരാക്കി മാറ്റി സമൂഹനൻമയ്ക്ക് ഉപയുക്തരാക്കുന്നതിൽ അദ്ധ്യാപകരുടെ പങ്ക് വളരെ വലുതാണ്. വിദ്യാർത്ഥികൾ പോലും കേട്ട് കേഴ് വിപോലുമില്ലാത്ത ക്രൂരതകൾ നടത്തുന്നതിന ഇക്കാലത്ത് മെച്ചപ്പെട്ട വിദ്യാഭ്യാസം മാത്രമല്ല മറ്റുള്ളവരെ ഉൾക്കൊള്ളാനുള്ള മനസിനുകൂടി അവരെ പ്രാപ്തരാക്കണമെന്ന് പി. ജെ. ജോസഫ് പറഞ്ഞു. പ്രിൻസിപ്പൽ ജിജി ജോർജ് അദ്ധ്യക്ഷത വഹിച്ചു.. ഹെഡ്മാസ്റ്റർ സജി മാത്യു, പി.ടി.എ പ്രസിഡന്റ് ഷാജു പോൾ , മുൻസിപ്പൽ കൗൺസിലർ ജെസി ജോണി, കേരളകൗമുദി സീനിയർ സബ് എഡിറ്റർ പി. ടി. സുഭാഷ് തുടങ്ങിയവർ പങ്കെടുത്തു. സ്റ്റാഫ് സെക്രട്ടറി ജിബിൻ മാത്യു സ്വാഗതവും ജോബിൻ സി. മാത്യു നന്ദിയും പറഞ്ഞു.