കട്ടപ്പന: കട്ടപ്പന ഫെസ്റ്റിൽ ജനത്തിരക്കേറുന്നു. ഇന്നലെ രാവിലെ മുതൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ ഫെസ്റ്റ് സന്ദർശിച്ചു. മെഡിക്കൽ പ്രദർശനം, സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റിയൂട്ടിന്റെ പവലിയൻ, റോബോട്ടിക് ആനിമൽ എക്സിബിഷൻ, പുസ്തക പ്രദർശനം, ത്രീഡി ഷോ, പുരാവസ്തു പ്രദർശനം, കാർഷിക വിജ്ഞാൻകേന്ദ്രയുടെ പവലിയൻ, കാർഷികവിള പ്രദർശനം, പുഷ്പഫലസസ്യ നഴ്സറി, ഭക്ഷണശാല, അമ്യൂസ്‌മെന്റ് പാർക്ക്, അറുപതോളം വ്യത്യസ്ത സ്റ്റാളുകൾ എന്നിവയാണ് ഫെസ്റ്റിലുള്ളത്. ഇന്നലെ നടന്ന കാർഷിക സെമിനാർ മുൻ എം.പി. ജോയ്സ് ജോർജ് ഉദ്ഘാടനം ചെയ്തു. വൈകുന്നേരം നടന്ന ഗാനമേളയും ഗസൽസന്ധ്യയും ആസ്വദിക്കാൻ നിരവധി പേർ എത്തി. ഇന്ന് രാവിലെ 10.30 ന് വിവിധ ബ്ലോക്കുകളിൽ നിന്നുള്ള കാർഷികമൂല്യവർധിത ഉൽപന്നങ്ങളുടെ പ്രദർശനവും വിൽപനയും നടക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് കർഷക അവാർഡ് ദാനം, വൈകിട്ട് 5.30 ന് പ്രാദേശിക കലാകാരൻമാരുടെ വിവിധ പരിപാടികൾ, രാത്രി 7.30 ന് പുന്നപ്ര മധുവും സംഘവും അവതരിപ്പിക്കുന്ന മെഗാഷോയും നടക്കും.