തൊടുപുഴ: പൗരത്വ ദേദഗതി നിയമത്തിനെതിരെ തൊടുപുഴയിൽ ഇമാം കൗൺസിലിന്റെ നേതൃത്വത്തിൽ പതിനായിരങ്ങൾ പ്രതിഷേധക്കടൽ തീർത്തു. വൈകിട്ട് നാലിന് മങ്ങാട്ടുകവലയിൽ നിന്ന് ആരംഭിച്ച റാലി തൊടുപുഴ പഴയ മുനിസിപ്പൽ ബസ് സ്റ്റാൻഡിലെത്തി അരമണിക്കൂർ കഴിഞ്ഞിട്ടും ജനപ്രവാഹം തുടരുകയായിരുന്നു. പൗരത്വഭേതഗതി നിയമത്തിനെതിരെ ഇംഗ്ലീഷിലും മലയാളത്തിലുമുള്ള പ്ലക്കാർഡുകളേന്തിയായിരുന്നു പ്രകടനം. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇന്ത്യയെമ്പാടും പ്രതിഷേധം കത്തിപടരുകയാണെന്ന് യോഗം ഉദ്ഘാടനം ചെയ്ത പി.ജെ ജോസഫ് എം.എൽ.എ പറഞ്ഞു. ഇത് ഒരു മതത്തിന് വേണ്ടിയുള്ള സമരമല്ല. ഇന്ത്യയുടെ മതേതരത്വം സംരക്ഷിക്കാൻ വേണ്ടിയുള്ള പോരാട്ടമാണ്. മതേതരത്വത്തിന് ഭീഷണി ഉണ്ടായപ്പോഴെല്ലാം ഇന്ത്യൻ ജനത ഉണർന്നിട്ടുണ്ട്. ബംഗാളിൽ മമതയുടെ നേതൃത്വത്തിലാണെങ്കിൽ കേരളത്തിൽ പിണറായിയുടെയും ചെന്നിത്തലയുടെയും നേതൃത്വത്തിൽ ഭരണപക്ഷവും പ്രതിപക്ഷവും ഒറ്റക്കെട്ടായി കൈകോർത്തു. പൗരത്വം തെളിയിക്കുകയെന്ന നിയമം വളരെ അപകടം പിടിച്ചതാണ്. ഹിറ്റ്‌ലർ ജർമനിയിൽ ജൂതരോട് ചെയ്തതാണോ അമിത്ഷായുടെയും മോദിയുടെയും മനസിലുള്ളതെന്ന സംശയമാണുയരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഗാന്ധിഘാതകരുടെ ശിഷ്യരാണ് ന്യൂനപക്ഷങ്ങളോട് കടക്കുപുറത്തെന്ന് പറയുന്നതെന്നും രാജ്യത്ത് യുവാക്കൾ ഉയർത്തിവിട്ട രോഷാഗ്‌നി കെടുത്താൻ മോദിക്കോ അമിത് ഷായ്‌ക്കോ കഴിയില്ലെന്നും സമ്മേളനത്തിൽ സംസാരിച്ച ഡീൻ കുര്യാകോസ് എം.പി പറഞ്ഞു. 'ഇന്ത്യയെ സംരക്ഷിക്കുക, ഭരണഘടനയെ സംരക്ഷിക്കുക" എന്ന വിഷയത്തിൽ ദളിത് ആക്ടിവിസ്റ്റ് കെ. അംബുജാക്ഷൻ പ്രമേയം അവതരിപ്പിച്ചു. താലൂക്ക് ഇമാം കൗൺസിൽ ചെയർമാൻ ഹാഫിസ് നൗഫൽ കൗസരി അദ്ധ്യക്ഷനായി. വൈസ് ചെയർമാന്മാരായ ഇംദാദുള്ള നദ്‌വി, ഇസ്മായിൽ മൗലവി പാലമല, ജോ. കൺവീനർ അബ്ദുറഷീദ് കൗസരി, എക്‌സി. അംഗം മുഹമ്മദ് ഹനീഫ് കാശിഫി എന്നിവർ സംസാരിച്ചു.