തൊടുപുഴ: 12കാരിയെ ബലാത്സംഗം ചെയ്ത പ്രതിക്ക് പ്രതിക്ക് പത്തുവർഷം കഠിനതടവും രണ്ടു ലക്ഷം രൂപ പിഴയും ശിക്ഷ. മാങ്കുളം കുവൈറ്റ് സിറ്റി പുത്തൻവിളയിൽ ഗംഗാധരൻ നായരെയാണ് (55) തൊടുപുഴ പോക്‌സോ കോടതി സ്‌പെഷ്യൽ ജഡ്ജി കെ. അനിൽകുമാർ ശിക്ഷിച്ചത്. രണ്ടു വകുപ്പുകളിലായാണ് ശിക്ഷ. പതിനാറിൽ താഴെയുള്ള കുട്ടിയെ ലൈംഗികപീഡനത്തിന് ഇരയാക്കിയതിന് പത്തു വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും. പിഴ അടയ്ക്കാതിരുന്നാൽ രണ്ടു വർഷം കഠിനതടവും അനുഭവിക്കണം. ഒന്നിലേറെ തവണ കുട്ടിയെ പീഡനത്തിന് ഇരയാക്കിയതിന് പത്തു വർഷം കഠിനതടവും ഒരു ലക്ഷം രൂപയും. തുക അടച്ചില്ലെങ്കിൽ രണ്ടു വർഷം കഠിനതടവും ശിക്ഷ അനുഭവിക്കണം. കഠിനതടവ് ഒരുമിച്ച് അനുഭവിച്ചാൽ മതി. 2011 മുതൽ രണ്ടു വർഷം ഇയാൾ കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തു വരികയായിരുന്നുവെന്ന് കോടതി കണ്ടെത്തി. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി.ബി. വാഹിദ ഹാജരായി.