തൊടുപുഴ: 17ന് തൈക്കാട് ഗവ. ഹൗസിൽ നടന്ന സർവകക്ഷിയോഗത്തിൽ മുഖ്യമന്ത്രിയുടെ നിലപാട് സ്വാഗതാർഹമാണെങ്കിലും റവന്യൂമന്ത്രി നിരാശപ്പെടുത്തിയെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. സർവകക്ഷിയോഗത്തിൽ മറ്റ് പ്രതിനിധികൾക്കൊപ്പം വ്യാപാരികൾ ജില്ലയിലെ ആശങ്ക പങ്കുവയ്ക്കുകയും ഭൂനിയമ പ്രശ്‌നം പരിഹരിക്കുന്നത് സംബന്ധിച്ച് പരിഹാര നിർദേശങ്ങൾ സമർപ്പിക്കുകയും ചെയ്തിരുന്നു. ഭൂനിയമം സാമൂഹ്യ പുരോഗതിക്കനുസരിച്ച് പരിഷ്‌കരിക്കണം, കച്ചവട- വിദ്യാഭ്യാസ സ്ഥാപനങ്ങളും മറ്റും നിലനിറുത്തുന്ന തരത്തിൽ ഭൂനിയമത്തിലെ ചട്ടങ്ങൾ മുൻകാല പ്രാബല്യത്തോടെ ഭേദഗതി വരുത്തണം തുടങ്ങിയ നിർദേശങ്ങളാണ് സമർപ്പിച്ചത്. ചർച്ചയ്ക്ക് ശേഷം മുഖ്യമന്ത്രിക്ക് വിശദാംശങ്ങൾ എഴുതി നൽകുകയും ചെയ്തു. എന്നാൽ ഇല്ലാത്ത കോടതി ഉത്തരവിന്റെ പേരിൽ റവന്യൂമന്ത്രി മാത്രമാണ് ജില്ലയ്ക്ക് ചില ഇളവുകൾ അനുവദിച്ചാൽ മതിയെന്ന നിലപാടെടുത്തത്. ഇത് ജില്ലയിലെ ജനങ്ങളെ നിരാശപ്പെടുത്തുന്നതായിരുന്നു. ജില്ലയിൽ നിന്നുള്ള സി.പി.ഐ പ്രതിനിധിയും മന്ത്രിയെ കാര്യങ്ങൾ വേണ്ടവിധം ബോദ്ധ്യപ്പെടുത്താൻ സംസാരിച്ചില്ല. യോഗത്തിന്റെ സത്ത ഉൾക്കൊണ്ട് റവന്യൂ നിരോധന ഉത്തരവുകൾ സർക്കാർ അടിയന്തരമായി പിൻവലിക്കണം. ഇല്ലെങ്കിൽ സമിതി തുടർ സമരം ആരംഭിക്കുമെന്നും ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജില്ലാ പ്രസിഡന്റ് കെ.എൻ. ദിവാകരൻ, ജില്ലാ സെക്രട്ടറിമാരായ പി.എം. ബേബി, ജോസ് വഴുതനപ്പിള്ളി, അടിമാലി യൂണിറ്റ് ജനറൽ സെക്രട്ടറി ഡയസ് പുല്ലൻ, തൊടുപുഴ ബ്ലോക്ക് ജനറൽ സെക്രട്ടറി ആർ. രമേശ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.