തൊടുപുഴ: മക്കളും അയൽവാസികളും തമ്മിലുണ്ടായ സംഘർഷത്തിനിടയിൽ തടസം പിടിക്കാൻ കയറിയ വീട്ടമ്മ വീണു മരിച്ച സംഭവത്തിൽ അസ്വഭാവിക മരണത്തിന് തൊടുപുഴ പൊലീസ് കേസെടുത്തു. തൊടുപുഴ മുതലക്കോടം രണ്ടു പാലം കോളനി സാംസ്‌കാരിക നിലയത്തിനു സമീപം കൊമ്പനാപ്പാറയിൽ റഫീഖിന്റെ ഭാര്യ സൽമയാണ് (46) സംഘർഷത്തിനിടയിൽ കുഴഞ്ഞു വീണ് മരിച്ചത്. രണ്ടു പാലം കോളനി മേഖലയിൽ യുവാക്കൾ തമ്മിൽ രണ്ടാഴ്ച മുമ്പ് സംഘർഷം നില നിന്നിരുന്നു. വ്യാഴാഴ്ച രാത്രി എട്ടോടെ വീണ്ടും സംഘർഷമുണ്ടായിരുന്നു. ഇതിൽ സൽമയുടെ രണ്ടു മക്കളും ഉൾപ്പെട്ടിരുന്നു. ഇതിനിടെ തടസം പിടിക്കാൻ കയറിയപ്പോഴാണ് ഹൃദ്രോഗിയായ സൽമ ഉന്തിലും തള്ളിലും വീണത്. സൽമയുടെ ദേഹത്തേക്ക് മറ്റൊരു സ്ത്രീയും വീണു. ഉടൻ തന്നെ മുതലക്കോടത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വീണപ്പോൾ ഉണ്ടായ ക്ഷതവും ഹൃദ്രോഗവുമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് തൊടുപുഴ സി.ഐ സജീവ് ചെറിയാൻ പറഞ്ഞു. ഇവരെ ആരും ആക്രമിച്ചതായി തെളിവില്ലെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചതിനു ശേഷമെ കൃത്യമായ മരണകാരണം വ്യക്തമാകൂവെന്നും സി.ഐ പറഞ്ഞു. സൽമയുടെ മൃതദേഹം കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം നടത്തി കബറടക്കം നടത്തി.