തൊടുപുഴ: ക്രിസ്മസ് പുതുവത്സരകാലത്ത് വ്യാപാരികൾ ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്നത് ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെ ലീഗൽ മെട്രോളജി വകുപ്പ് ജില്ലയിൽ മിന്നൽ പരിശോധനയ്ക്ക് തുടക്കമിട്ടു. ഇന്നലെ വിവിധ താലൂക്കുകളിൽ നടന്ന പരിശോധനയിൽ ഒമ്പതു വ്യാപാര സ്ഥാപനങ്ങൾക്കെതിരെ കേസെടുത്തു.
നിയമപ്രകാരമല്ലാതെ പായ്ക്കറ്റുകളിൽ കേക്കുകളും മറ്റും വിൽപനയ്ക്ക് വെച്ചതിന് ഏഴ് കേസെടുത്തു. മുദ്ര ചെയ്യാത്ത ത്രാസുകൾ ഉപയോഗിച്ച രണ്ടു സ്ഥാപനങ്ങൾക്കെതിരെയും നടപടി സ്വീകരിച്ചു. വിവിധ താലൂക്കുകളിലെ 36 വ്യാപാരസ്ഥാപനങ്ങളിലായിരുന്നു പരിശോധന. സൂപ്പർ മാർക്കറ്റുകൾ, പലചരക്ക് കടകൾ, ബേക്കറികൾ, ഇറച്ചി മത്സ്യവിപണനശാലകൾ എന്നിവിടങ്ങളിലായിരുന്നു പരിശോധന. പരിശോധനകൾക്ക് സീനിയർ ഇൻസ്‌പെക്ടർ എൻ. സുമതി, ഇൻസ്‌പെക്ടർമാരായ ബി. ബിജി, എം.എ. അബ്ദുള്ള, എ.കെ. സജീബ്, ഇൻസ്‌പെക്ടിംഗ് അസിസ്റ്റന്റുമാരായ എൻ.വി. സുരേഷ്, സി.എസ്. സനിൽകുമാർ, യു. അരുൺകുമാർ എന്നിവർ നേതൃത്വം നൽകി.

''വരും ദിവസങ്ങളിലും പരിശോധനകൾ തുടരും. ക്രിസ്മസ് പ്രമാണിച്ച് ബേക്കറികളിലും മറ്റും വിൽപ്പനക്ക് എത്തിച്ചിരിക്കുന്ന കേക്കുകൾ പ്രത്യേകം പരിശോധിക്കും. അളവിലും തൂക്കത്തിലും വെട്ടിപ്പ്, അമിത വില ഈടാക്കൽ, മുദ്ര ചെയ്യാത്ത അളവുതൂക്ക ഉപകരണങ്ങളുടെ ഉപയോഗം, പാക്കേജ്ഡ് മ്മോഡിറ്റീസ് നിയമ പ്രകാരമുള്ള പ്രഖ്യാപനങ്ങൾ രേഖപ്പെടുത്താത്ത പാക്കറ്റുകളിലെ വിൽപനയും വിതരണവും തുടങ്ങിയ നിയമലംഘനങ്ങൾക്ക് എതിരെ കർശന നടപടിയുണ്ടാകും"

- ജെ.സി. ജീസൺ

(ലീഗൽ മെട്രോളജി ഫ്ളൈയിംഗ് സ്‌ക്വാഡ് അസിസ്റ്റന്റ് കൺട്രോളർ)

ക്രമക്കേടുകൾ വിളിച്ചറിയിക്കാം

ക്രമക്കേടുകൾ ശ്രദ്ധയിൽപ്പെട്ടാൽ 04862 222638 എന്ന ഫോൺ നമ്പരിൽ ലീഗൽ മെട്രോളജി വിഭാഗത്തെ അറിയിക്കാം.