മുട്ടം: അയ്യപ്പ ഭക്തർ കൂടുതലായി കടന്ന് പോകുന്ന ചളളാവയൽ - തോണിക്കല്ല് റോഡിന്റെ നിർമ്മാണം സ്തംഭിച്ചു.അയ്യപ്പ ഭക്തർ കടന്ന് പോകുന്ന റോഡുകൾ പൂർണ്ണമായും യുദ്ധകാലാടിസ്ഥാനത്തിൽ നന്നാക്കും എന്നുളള സർക്കാർ പ്രഖ്യാപനത്തിന് പുല്ലുവില കൽപ്പിക്കുന്ന പ്രവർത്തികളാണ് ഈ റോഡിന്റെ ചുമതലയുളള ചില പെതുമരാമത്ത് ഉദ്യോഗസ്ഥരും കരാറുകാരും കൂട്ട് ചേർന്ന് നടത്തുന്നതെന്നാണ് വ്യാപകമായ ആക്ഷേപം.മലബാർ മേഖലയിൽ നിന്നും തൊടുപുഴയിൽ എത്തുന്ന തീർത്ഥാടകർ ഏറ്റവും കൂടുതലായി കടന്ന് പോകുന്ന ചളളാവയൽ - തോണിക്കല്ല് റോഡിന്റെ നിർമ്മാണം ആറ് മാസം മുൻപ് ആരംഭിച്ചിരുന്നു.എന്നാൽ കഴിഞ്ഞ രണ്ട് മാസങ്മായി റോഡിന്റെ നിർമ്മാണം നിലച്ചു.നിർമ്മാണത്തിന് വേണ്ടി കുത്തിപ്പൊളിച്ചിട്ട റോഡിൽ മണ്ണ് മക്കും പാറപ്പൊടിയും നിരത്തിയിട്ടിരിക്കുന്നതിനാൽ വാഹനങ്ങൾ കടന്ന് പോകുമ്പോഴും കാറ്റടിക്കുമ്പോഴും അസഹ്യമായ പൊടി ശല്യമാണ് ചുറ്റിലും.പൊടി ശല്യത്താൽ പൊറുതി മുട്ടിയ പരാതിക്കാരായ പ്രദേശ വാസികളോട് ചില മുടന്തൻ ന്യായങ്ങൾ പറഞ്ഞ് തടിതപ്പുന്ന സമീപനമാണ് ഉദ്യോഗസ്ഥരും കരാറുകാരനും ചെയ്യുന്നത്.റോഡിൽ നിന്ന് ഉയരുന്ന മണ്ണ് നിറഞ്ഞ പൊടിക്കാറ്റ് ശ്വസിച്ച് പ്രദേശവാസികളായ ആളുകൾക്ക് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്കും കരണമാവുകയാണ്. കുട്ടികൾക്കും വിവിധ അസുഖത്താൽ വലയുന്ന പ്രായമായ ആളുകൾക്കും മരുന്നുകൾ മാറി മാറി കഴിച്ചിട്ടും ശ്വാസം മുട്ടൽ,പനി,വലിവ് തുടങ്ങിയ അസുഖങ്ങൾ പൂർണ്ണമായും മാറാത്ത അവസ്ഥയുമാണ്. വേനൽ കനത്ത് പൊടിയുടെ ശല്യം പതിൻമടങ്ങായതോടെ റോഡിൽ ഇടക്കിടക്ക് വെളളം നനക്കുമെന്ന് പൊതുമരാമത്ത് അധികൃതരും കരാറുകാരനും പറഞ്ഞിരുന്നെങ്കിലും അതൊക്കെ പാഴ് വാക്കായി.