കട്ടപ്പന: ക്രിസ്മസ് പുതുവത്സരത്തോടനുബന്ധിച്ച് കയറ്റുമതിയിൽ വർദ്ധന, സ്‌പൈസസ് ബോർഡിന്റെ ലേലത്തിൽ ഏലയ്ക്കാവിലയിൽ വീണ്ടും വർദ്ധന. രണ്ടുമാസത്തിനു ശേഷം ഏതാനും ദിവസങ്ങളായി ശരാശരി വില മൂവായിരം കടന്നു.. ഇന്നലെ പുറ്റടി സ്‌പൈസസ് പാർക്കിൽ നടന്ന തേക്കടി കെ.സി.പി.എം.സിയുടെ ലേലത്തിൽ ഉയർന്ന വില കിലോഗ്രാമിനു 3590 രൂപയും ശരാശരി വില 3292.62 രൂപയും രേഖപ്പെടുത്തി. 285 ലോട്ടുകളിലായി പതിഞ്ഞ 75,436 കിലോഗ്രാമിൽ 75,137 കിലോയും വിറ്റുപോയി. ഉച്ചകഴിഞ്ഞ് നടന്ന കാർഡമം ഗ്രോവേഴ്‌സ് ഫോർ എവർ കമ്പനിയുടെ ഇലേലത്തിലും ഉയർന്ന വില കിലോഗ്രാമിന് 3637 രൂപയും ശരാശരി വില 3287.12 രൂപയും രേഖപ്പെടുത്തി. 112 ലോട്ടുകളിലായി പതിഞ്ഞ 15,961 കിലോഗ്രാമിൽ 15,388 കിലോയും വിറ്റുപോയി.
ജനുവരിയോടെ സീസൺ അവസാനിക്കുമെങ്കിലും ഇപ്പോൾ ലഭിക്കുന്നത് മെച്ചപ്പെട്ട വിലയാണ്. കഴിഞ്ഞ മേയ്മുതൽ ഓഗസ്റ്റ് വരെ മാസങ്ങളിലെ ലേലങ്ങളിൽ ഏലക്കാവിലയിൽ അഭൂതപൂർവമായ മുന്നേറ്റമുണ്ടായിരുന്നു. ഓഗസ്റ്റ് മൂന്നിന് നടന്ന ലേലത്തിൽ ഉയർന്ന വില 7000 രൂപയിലും ശരാശരി വില 4733 രൂപയിലും എത്തിയിരുന്നു. ഇതു സർവകാല റെക്കോർഡാണ്. പിന്നീട് വിളവെടുപ്പ് ആരംഭിക്കുകയും ആഭ്യന്തര വിപണിയിൽ ഏലയ്ക്കാ എത്തുകയും ചെയ്തതോടെയാണ് വില കുറഞ്ഞത്. എന്നാൽ ലേലങ്ങളിൽ ശരാശരി 2500 രൂപയ്ക്ക് മുകളിൽ വില ലഭിച്ചിരുന്നു. ഈ സീസണിൽ വിളവെടുത്തതിൽ വലിയൊരു ശതമാനം ഏലയ്ക്കായും വിപണിയിലെത്തിയിട്ടില്ല. സീസൺ അവസാനിക്കുന്നതോടെ വില കുത്തനെയുയരുമെന്ന പ്രതീക്ഷയിൽ നിരവധി കർഷകരാണ് ഉൽപന്നം സംഭരിച്ചിട്ടുള്ളത്.